റോത്തക്ക്∙ പാർട്ടിയിലെ അസ്വാരസ്യങ്ങളെതുടർന്ന് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളെതുടർന്ന് കോൺഗ്രസ് മുൾമുനയിൽ. ഞായാറാഴ്ച തന്റെ ശക്തികേന്ദ്രമായ റോത്തക്കിൽ നടത്തുന്ന റാലിയിൽ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് വാർത്തകൾ. ഇതേത്തുടർന്ന് ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസിലെ സംഭവവവികാസങ്ങൾ നിരീക്ഷിച്ച് രംഗത്തുണ്ട്.
ജമ്മുകാശ്മീർ വിഷയത്തിൽ ബി.ജെ.പിയെ പിന്തുണച്ച് ഭൂപീന്ദർ ഹൂഡ രംഗത്തെത്തിയിരുന്നു. ഇതോടെ ഹൂഡ ബി.ജെ.പിയിലേക്ക് പോകുമെന് വാർത്ത പരന്നു. ആകെയുള്ള 15 എം.എൽ.മാരിൽ 11 പേരും ഹൂഡയ്ക്കൊപ്പം നിൽക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. എന്നാൽ ഹരിയാനയിൽ ബിജെപിക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ട്. നല്ല ആളുകൾക്ക് ബിജെപിയിൽ ഇടമുണ്ടാകും. അവരെ പാർട്ടി ബഹുമാനിക്കുകയും ചെയ്യുമെന്ന് ഹരിയാനയിലെ റാലിയിൽ അമിത് ഷാ പ്രസംഗിച്ചത് ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണെന്നും പ്രചരണമുണ്ട്.
എന്നാൽ വിവിധ കേസുകളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഹൂഡ ഈ സാഹചര്യത്തിൽ കോൺഗ്രസ് വിടില്ലെന്നാണു പ്രതീക്ഷയെന്നു മുതിർന്ന നേതാക്കൾ പ്രതികച്ചു. ബിജെപിക്കുള്ള ശക്തമായ മറുപടിയാണ് പരിവർത്തൻ (മാറ്റം) എന്ന ലക്ഷ്യവുമായി ഹൂഡ നടത്തുന്ന റാലിയെന്നാണു വിശദീകരണം. സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിഭാഗം പേരും ഹൂഡയ്ക്കൊപ്പമാണെന്നും അതിനാൽ തന്നെ ഹൂഡയ്ക്കു മുൻപിൽ ദേശീയ നേതൃത്വത്തിനു മുട്ടുമടക്കേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അശോക് തൻവാറിനെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റി ഹൂഡയെ തത്‌സ്ഥാനത്ത് കൊണ്ടുവന്നാൽ നിലപാടുകളിൽ ഹൂഡ മാറ്റം വരുത്തുമെന്നും പുതിയ പാർട്ടിപ്രഖ്യാപനമെന്ന കടുത്ത നടപടികളിൽ നിന്ന് ഹൂഡ വിട്ടുനിൽക്കുമെന്നുമാണ് കണക്കുകൂട്ടൽ. എന്നാൽ ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. ഹൂഡ ബി.ജെ.പിയെക്കാൾ ഉന്നം വയ്ക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡിനെ തന്നെയാണെന്നാണ് റിപ്പോർട്ട്.
എന്നാൽ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഹൂഡ തള്ളിയെന്നും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി വന്നതോടെ സാഹചര്യങ്ങൾ മാറിയെന്നും ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |