തിരുവനന്തപുരം: പറയാനുള്ളത് സ്വന്തം ഭാഷയിൽ പറഞ്ഞാൽമതി. അത് അതേ ശബ്ദത്തിൽ ഏതു ഭാഷയിലും കേൾക്കാനാവുന്ന സംവിധാനം വരുന്നു. ഭാഷയുടെ വേർതിരിവ് മാറ്റുന്ന ക്ലോണിംഗ് സംവിധാനം പുതുവത്സരത്തിൽ മൈക്രോ സോഫ്റ്റാണ് പുറത്തിറക്കുക. വിദേശത്തെ ഇടപാടുകാരുമായി വീഡിയോ കാളിൽ ആശയവിനിമയത്തിനുള്ള സംവിധാനമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. ഇത് വിജയിച്ചാൽ മറ്റ് പ്ലാറ്റ്ഫോമുകളിലും കൊണ്ടുവരും.
ഗൂഗിൾ മീറ്റ്, സൂം ഉൾപ്പെടെയുള്ള ആപ്പുകളിൽ വോയിസ് ക്ലോണിംഗ് ഉപയോഗിക്കാം. മൈക്രോസോഫ്റ്റിന്റെ റിയൽ ടൈം എ.ഐ (നിർമ്മിതബുദ്ധി) അസിസ്റ്റന്റാണ് ഭാഷ മാറ്റുക. വിവരങ്ങൾ നഷ്ടമാകില്ലെന്നും പറയുന്നതേ വിവർത്തനത്തിലുണ്ടാകൂ എന്നുമാണ് മൈക്രോസോഫ്റ്റ് പറയുന്നത്. സംസാരിക്കുന്ന ആളിന്റെ വികാരവും ശൈലിയും പകർത്തില്ല. മീറ്റിംഗിനിടെ ടീം ലീഡർക്ക് സെറ്റിംഗ്സിൽ ക്ലോണിംഗ് സംവിധാനം ഓഫാക്കാം. മൈക്രോസോഫ്റ്റ് 365 ഉപഭോക്താക്കൾക്കാവും തുടക്കത്തിൽ സേവനം ലഭ്യമാകുക.
തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുമോ?
വോയിസ് ക്ലോണിംഗ് സംവിധാനത്തിന്റെ ഭാഗമായി ഉപഭോക്താവിന്റെ വിവരം മൈക്രോസോഫ്റ്റ് സൂക്ഷിക്കുകയില്ല. എന്നാൽ തട്ടിപ്പുകാർ വോയിസ് ക്ലോണിംഗ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക നിലവിലുണ്ട്. ഓപ്പൺ എ.ഐ വോയിസ് ക്ലോണിംഗ് സംവിധാനം പുറത്തിറക്കുന്ന തീരുമാനം ഇതുകാരണം ഉപേക്ഷിച്ചിരുന്നു. ബാങ്ക് വിവരങ്ങളും സമൂഹമാദ്ധ്യമങ്ങളുടെ പാസ്‌വേർഡും സ്വന്തമാക്കി ഡാർക്ക് വെബിൽ വിൽക്കുന്നവരിലധികവും അന്യസംസ്ഥാനക്കാരാണ്. വെർച്വൽ അറസ്റ്റുൾപ്പെടെയുള്ള തട്ടിപ്പുകൾക്കും വോയിസ് ക്ലോണിംഗ് ദുരുപയോഗിച്ചേക്കാം.
'' ഭാഷയിലെ പരിമിതികൾ മറികടക്കാൻ ഇത് സഹായിക്കും. പറ്റിക്കപ്പെടാനും സാദ്ധ്യതയുണ്ട്. ഇതിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം".
- വിമൽ ഗോവിന്ദ്, സാങ്കേതിക വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |