തിരുവനന്തപുരം: സർക്കാരിനെ പറ്റിച്ച്, ഖജനാവ് ചോർത്തി പാവങ്ങളുടെ സാമൂഹ്യസുരക്ഷാപെൻഷൻ തട്ടിയെടുത്ത ജീവനക്കാർ പതിനായിരം കടക്കും. ഇതുവഴി 50കോടിയാണ് ഖജനാവിന് നഷ്‌ടം.
ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ് 1458 ജീവനക്കാരുടെ തരികിട വെളിപ്പെട്ടത്. മൂന്നു വർഷത്തിനിടെ ഇവർ 8.40കോടി രൂപയാണ് കൈപ്പറ്റിയത്.
എന്നാൽ 2022ലെ സി.എ.ജിയുടെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ 9,201ജീവനക്കാരും പെൻഷൻകാരും ക്ഷേമ പെൻഷൻ വാങ്ങുന്നതായും 39. 27കോടി നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു
ജില്ലാതലപട്ടികയും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെയും ചേർത്താൽ 10,659 ജീവനക്കാരും പെൻഷൻകാരും സാമൂഹ്യസുരക്ഷാപെൻഷൻ അർഹതയില്ലാതെ വാങ്ങുന്നുണ്ട്.
സി.എ.ജി.റിപ്പോർട്ടിനു പിന്നാലെ, ഇത്തരക്കാർ സ്വയം പിൻമാറണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇങ്ങനെ പിൻമാറിയവരുടെ കണക്ക് വരുമ്പോൾ തട്ടിപ്പുകാരുടെ എണ്ണം കൂടും. അനർഹമായി പെൻഷൻ വാങ്ങുന്നവരുടെ കണക്ക് പരിശോധിക്കാൻ തദ്ദേശസ്ഥാപനങ്ങളോടും
ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് കണ്ടെത്തിയാൽ ഉത്തരവാദിത്വം
തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും എന്ന മുന്നറിയിപ്പും നൽകി. തട്ടിപ്പ് സൂഷ്മമായി പരിശോധിക്കാനും ധനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാർ 29,622.67കോടിയും രണ്ടാം പിണറായി സർക്കാർ ഇതുവരെ 32,100 കോടിയും ആണ് ക്ഷേമപെൻഷനായി ചെലവാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യകരുതലായി നൽകുന്ന തുകയാണ് തട്ടിയെടുത്തത്. പണമില്ലാത്തതിനാൽ നാലു മാസത്തെ പെൻഷൻ കുടിശികയാണ്.
തട്ടിപ്പുകാർ പട്ടികയിലെത്തിയത് ഇങ്ങനെ
വിധവ, വികലാംഗ പെൻഷൻ, മാനസിക വൈകല്യ പെൻഷൻ, അൻപത് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയുടെ പേരിലാണ് കൂടുതൽ തട്ടിപ്പ്. ഇവരിൽ പലരും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെയാണ് സർവ്വീസിൽ കയറിയത്. സർവ്വീസിൽ കയറിയ ശേഷവും ഇത് തുടർന്നു. തദ്ദേശ സ്ഥാപനങ്ങളിൽ പെൻഷന് അപേക്ഷ സമർപ്പിക്കുമ്പോഴും പരിശോധനയിലും അംഗീകാരം നൽകുന്നതിലും പിഴവുണ്ടെന്ന സൂചനയാണിത്. മുൻ പരിശോധനയിൽ ഒരേ ഗുണഭോക്താക്കൾ രണ്ട് പെൻഷനുകൾ വാങ്ങുന്നതായും സാക്ഷ്യപത്രങ്ങൾ ഹാജരാക്കാതെ പെൻഷൻ അനുവദിച്ചതായും കണ്ടെത്തിയിരുന്നു.
തട്ടിപ്പുകാർക്ക് നോട്ടീസ്
പണം പലിശസഹിതം തിരിച്ചുപിടിക്കാനും കടുത്ത അച്ചടക്ക നടപടിക്കുമാണ് സർക്കാർ നിർദ്ദേശം. സർവീസ് ചട്ടങ്ങൾ പ്രകാരം വകുപ്പ് മേധാവികൾ തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കും. പരാതികൾ ലഭിച്ചാൽ ക്രിമിനൽ നടപടിക്ക് നിയമോപദേശം തേടും.
ക്ഷേമപെൻഷൻ തട്ടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ധനവകുപ്പ് പുറത്തുവിട്ടതോടെ തദ്ദേശവകുപ്പും പ്രതിക്കൂട്ടിലായി. അർഹരായവർക്കു മാത്രമാണ് പെൻഷൻ ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. സർക്കാർ ശമ്പളം പറ്റുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷന് അർഹത ഇല്ലെന്നിരിക്കെ, മറിച്ച് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും.
സർവീസിൽ ഇരിക്കെ, പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകൾ ചെയ്യാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന ചട്ടവും ചുമത്തും. ഓരോ വർഷവും മസ്റ്ററിങ് നടത്തി ക്ഷേമപെൻഷൻ വാങ്ങിപ്പോന്നതിനാൽ അറിയാതെ സംഭവിച്ചതാണെന്ന ന്യായീകരണം നിലനിൽക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |