തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യക്കുപ്പികളിൽ ക്യൂ.ആർ കോഡ് പതിക്കാനുള്ള സമയപരിധി 2025 മാർച്ച് 31 വരെ നീട്ടി. ജനുവരി ഒന്നായിരുന്നു സമയപരിധി. നടപടികൾ പൂർത്തിയാക്കാൻ മദ്യകമ്പനികൾ സാവകാശം തേടിയിരുന്നു.
മദ്യത്തിന്റെ നിലവാരവും വിതരണത്തിലെ സുതാര്യതയും ഉറപ്പാക്കലാണ് ഹോളോഗ്രാം ലേബലിന് പകരമുള്ള ക്യൂ.ആർ കോഡിന്റെ ലക്ഷ്യം.
ഇതിനുള്ള ചെലവ് തീരുമാനിച്ചിട്ടില്ല. ക്യൂ.ആർ കോഡ് മെഷീന് 10 മുതൽ 15 ലക്ഷം രൂപ വരെയാണ് വില. മെഷീൻ ബെവ്കോ നൽകണമെന്നാണ് കമ്പനികളുടെ നിലപാട്. അല്ലെങ്കിൽ മദ്യത്തിന് വില കൂട്ടണം. കഴിഞ്ഞ നാലിന് ബെവ്കോ അധികൃതരുമായി കമ്പനി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. സർക്കാർ തീരുമാനമില്ലാതെ മദ്യവില വർദ്ധിപ്പിക്കാനാവില്ല. എന്നിട്ടും പുതിയ ടെണ്ടറിൽ വർദ്ധിച്ച വിലയാണ് മദ്യ കമ്പനികൾ ക്വോട്ട് ചെയ്തിട്ടുള്ളത്.
നേട്ടങ്ങൾ
ഹോളോഗ്രാം ലേബലിന് പകരമാണ് ക്യൂ.ആർ.കോഡ്. കുപ്പികളിലും കെയ്സുകളിലും പതിക്കും. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, തുടങ്ങി ഡിസ്റ്റിലറിയിൽ നിന്ന് ചില്ലറവില്പന ശാലകളിൽ എത്തുംവരെയുള്ള വിവരങ്ങൾ അറിയാം. ചില്ലറവില്പന ശാലകളിൽ സ്റ്റോക്കുള്ള ബ്രാൻഡുകളുടെ വിശദാംശവും അറിയാം.
പരീക്ഷണം വിജയം
സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ക്യൂ.ആർ കോഡ് പരീക്ഷണം തുടങ്ങി. 15 ലക്ഷം വിലയുള്ള ക്യൂ.ആർ കോഡ് മെഷീൻ സ്വന്തമായി വാങ്ങി. ബെവ്കോയുടെ തിരുവല്ല, നെടുമങ്ങാട് വെയർഹൗസുകളിലേക്ക് അയയ്ക്കുന്ന ജവാൻ റമ്മിന്റെ കുപ്പികളിലാണ് ക്യൂ.ആർ.കോഡ് പതിക്കുന്നത്.
രണ്ട് കോടി
ഒരു വർഷം രണ്ട് കോടി ലേബൽ വേണ്ടിവരും. സർക്കാർ സ്ഥാപനമായ സി ഡിറ്റാണ് ക്യൂ.ആർ കോഡ് തയ്യാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |