കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റിന് നാളെ മുതൽ 10 രൂപ നിരക്കിൽ ഫീസ് ഈടാക്കാൻ തീരുമാനം. ജില്ലാ കളക്ടർ സ്‌നേഹികുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ സൗജന്യമായി നൽകിയിരുന്ന സേവനമാണ് ഒറ്റയടിക്ക് 10 രൂപയിലേക്ക് മാറുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി, ഐ.എം.സി.എച്ച്, ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒ.പി ടിക്കറ്റ് നിരക്ക് ബാധകമാണ്. വികസനസമിതി യോഗത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് അഗംങ്ങളെല്ലാം സംയുക്തമായാണ് തീരുമാനമെടുത്തതെന്നാണ് വിശദീകരണമെങ്കിലും കോൺഗ്രസ്, ബി.ജെ.പി.പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും മറ്റുമുള്ള ചെലവ് വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് കളക്ടറുടെ വിശദീകരണം.
കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയായ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് പ്രധാനമെന്ന് വികസനസമിതി യോഗത്തിന് ശേഷം ജില്ലാ കലക്ടർ പറഞ്ഞു. ഒ.പി ടിക്കറ്റിന് 10 രൂപ നൽകുകയെന്നത് വ്യക്തികൾക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള മുതൽക്കൂട്ടാവും. ഈ തുക ഉപയോഗിച്ച് രോഗികൾക്കും കൂടെയുള്ളവർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും. ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവർക്കു തന്നെയാണ് ലഭിക്കുകയെന്നും ജില്ലാ കലക്ടർ പറഞ്ഞു.
10രൂപ ഒ.പി.ടിക്കറ്റ് ചാർജ് അനുവദിക്കില്ല: ഡി.സി.സി.പ്രസിഡന്റ്
കോഴിക്കോട്: മെഡിക്കൽ കോളജിലെ സൗജന്യ സേവനത്തിന് 10രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനം പാർട്ടി യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ. കോഴിക്കോട്ടെ മാത്രമല്ല മലബാറിലെ ആയിരക്കണക്കായ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമാണ് മെഡിക്കൽകോളജ് ആശുപത്രി. വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലെന്ന പേരിൽ രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കാനുള്ള തീരുമാനം ഒരു കാരണവശാലും അനുവദിക്കില്ല. സർക്കാർ ആശുപത്രികളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും പ്രവീൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |