
മുടപുരം: നാല് റോഡുകൾ ചേരുന്ന അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ദിവസേന നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം വർഷങ്ങളായുണ്ട്.
2008ൽ ആനത്തലവട്ടം ആനന്ദൻ എം.എൽ.എയായിരുന്നപ്പോൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാലുവർഷം മുമ്പ് തകർന്നുവീണു. പുതിയ കാത്തിരിപ്പ് കേന്ദ്രത്തിനായി അധികാരികളോട് യാത്രക്കാരും നാട്ടുകാരും ആവശ്യമുയർത്തിയിട്ടും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ കടത്തിണ്ണയിൽ കയറി നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
ചിറയിൻകീഴ്,അഴൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഗണപതിയാംകോവിൽ ജംഗ്ഷൻ. നിരവധി കോളേജ് ബസുകളും മുട്ടപ്പലം,മംഗലപുരം,പെരുങ്ങുഴി തുടങ്ങിയ റൂട്ടുകൾ വഴി,മെഡിക്കൽ കോളേജ്, കേശവദാസപുരം,ബൈപാസ് വഴി തിരുവനന്തപുരം,കിഴക്കേകോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളലേക്ക് ധാരാളം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
വിദ്യാർത്ഥികൾ,ജീവനക്കാർ ഉൾപ്പെടെ ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്.പുതിയ കാത്തിരിപ്പുകേന്ദ്രം ഉടൻ നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എം.പി,എം.എൽ.എ ഉൾപ്പെടെയുള്ളവർ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനായുള്ള നവേദനവും നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |