കണ്ണൂർ: വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനിലധികം വരുന്ന സ്വർണ, വജ്ര ആഭരണങ്ങളും ഒരു കോടി രൂപയും കവർന്ന മോഷ്‌ടാക്കാൾ അതിവിദഗ്‌ദ്ധരായ സാങ്കേതിക പരിജ്ഞാനമുള്ളവർ. വീട്ടിലെ അലമാരയിൽ താക്കോലിടുമ്പോൾ ലിവർ കൃത്യമായി നീക്കിയാലേ ലോക്കർ തുറക്കാനാകൂ. ഒരു താക്കോൽ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവർത്തിപ്പിച്ചുമാണ് ഈ ലോക്കർ തുറക്കാനാകുക. ഈ രീതി കൃത്യമായി പാലിച്ചാണ് ലോക്കർ തുറന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഈ സാങ്കേതികവിദ്യ അറിയുന്നയാൾക്കുമാത്രമേ ലോക്കർ തുറക്കാൻ സാധിക്കുകയുള്ളൂ. ബംഗളൂരുവിൽ നിന്നാണ് അഷറഫിന്റെ വീട്ടിലെ ലോക്കർ വാങ്ങിയിരുന്നത്. ലോക്കർ എത്തിച്ച സ്ഥാപനത്തിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ലോക്കറിന്റെ സാങ്കേതികവിദ്യയെയും സർവീസ് രീതികളെയുംപറ്റി ആരെങ്കിലും സ്ഥാപനത്തിൽ ബന്ധപ്പെട്ടിരുന്നുവോയെന്ന കാര്യവും അന്വേഷണസഘം പരിശോധിച്ചു.
സ്വർണവും പണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ മറ്റൊരു ഷെൽഫിൽ വച്ച് പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോൽ മറ്റൊരിടത്ത് വച്ചു. ഈ താക്കോലെടുത്താണ് ഷെൽഫ് തുറന്ന് താക്കോലെടുത്ത് ലോക്കർ തുറന്നത്. മരംകൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കർ. ലോക്കറിന് ഒരു കേടുംവരാതെയാണ് മോഷണം നടത്തിയത്. വീടിനെക്കുറിച്ചും മര അലമാരയ്ക്കകത്ത് സ്ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണസംഘം. കവർച്ച നടന്ന വീട്ടിൽനിന്ന് ലഭിച്ച വിരലടയാളവും പ്രദേശത്തുനിന്ന് ശേഖരിച്ച 113 സി.സി.ടി.വി. ദൃശ്യങ്ങളുടെ പകർപ്പും പരിശോധിച്ച് വരികയാണ്.
മൂന്നു പേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ അവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അരി മൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സിന്റെ ഉടമ കെ.പി.അഷറഫിന്റെ വളപട്ടണം മന്ന കെ.എസ്.ഇ.ബി ഓഫീസിനു സമീപം 'കോറൽ' വീട്ടിലായിരുന്നു കവർച്ച. 19ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. 20ന് രാത്രി എട്ടിനും 21ന് പുലർച്ചെ നാലിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി 9.15ന് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്.
വീടിന് പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ ആയുധം കൊണ്ട് ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. കിടപ്പുമുറിയുടെ വാതിൽ കുത്തി പൊളിച്ച നിലയിലായിരുന്നു. അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോൽ കൈക്കലാക്കിയാണ് മോഷണം നടത്തിയത്.
കവർച്ചയ്ക്കുശേഷം മോഷ്ടാക്കൾ വളപട്ടണം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി മംഗളൂരൂ ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസ് സംശയം. പൊലീസ് നായ മണംപിടിച്ച് റെയിൽവേ ട്രാക്കിലേക്കും തുടർന്ന് വളപട്ടണം റെയിൽവേ സ്റ്റേഷൻ വരെയും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |