കൊച്ചി: കമ്പനി സെക്രട്ടറിമാരുടെ സേവന രംഗത്ത് സമഗ്ര പരിഷ്‌കാരങ്ങളുമായി ഇൻസ്‌റ്റിറ്ര്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ഐ.സി.എസ്.ഐ). കമ്പനി സെക്രട്ടറിമാരുടെ നിയമനവും പ്രവർത്തനകാലവും നിരീക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനും ഇ-സി.എസ്.എൻ നമ്പർ ഏർപ്പെടുത്തി. നിയമനവും സേവനം അവസാനിപ്പിക്കലും പ്രത്യേക കോഡിലൂടെ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇതെന്ന് ഐ.സി.എസ്.ഐ പ്രസിഡന്റ് രഞ്ജിത് പാണ്ഡേ പത്രസമ്മേളനത്തിൽ പറഞ്ഞു.
കമ്പനി സെക്രട്ടറിമാർ നടത്തുന്ന അറ്രസ്‌റ്റേഷനുകൾ സുതാര്യമാക്കാൻ യു.ഐ.ഡി.എൻ സംവിധാനവും ഏർപ്പെടുത്തി. കോർപ്പറേറ്റ് ഭരണ സംവിധാനം കൂടുതൽ ശക്തമാക്കാൻ ഏകീകൃതവും ആധുനികവുമായ മാനദണ്ഡങ്ങളും അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ പരീക്ഷയിൽ പങ്കെടുക്കാനാകും വിധം ഐ.സി.എസ്.ഐ പരീക്ഷകളുടെ രീതിയിലും മാറ്റമുണ്ടാകും.
കമ്പനി സെക്രട്ടറി പ്രൊഫഷനെ കുറിച്ച് കൂടുതൽ ബോധവത്‌കരണം നടത്താനായി അന്താരാഷ്‌ട്ര കൊമേഴ്‌സ് ഒളിമ്പ്യാഡ് നടത്തും. കമ്പനി സെക്രട്ടറി കോഴ്‌സ് രജിസ്‌ട്രേഷൻ ഫീസിൽ വിവിധ വിഭാഗങ്ങൾക്ക് ഇളവുകൾ നൽകും. യൂണിയൻ ടെറിറ്ററിയായി മാറിയ ലഡാക്കിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരുവർഷത്തെ ഫീസ് കൺസഷൻ നൽകും.
ബി.കോം., ഐ.ഐ.ടി., ഐ.ഐ.എം തുടങ്ങിയവയ്ക്ക് ഉന്നത മാർക്ക് വാങ്ങുന്നവർക്ക് ഗോൾഡ് മെഡൽ സമ്മാനിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കമ്പനി സെക്രട്ടറി കോഴ്‌സിനായി സഹായിക്കാൻ പ്രത്യേക ട്രസ്‌റ്ര് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 50 ശതമാനം വനിതകൾ ഉൾപ്പെടെ 60,000ഓളം യോഗ്യരായ കമ്പനി സെക്രട്ടറിമാരാണ് ഇന്ത്യയിലുള്ളത്. 760 അംഗങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. ഇൻസ്‌റ്റിറ്റ്യൂട്ടിൽ മൂന്നരലക്ഷം വിദ്യാർത്ഥികളുമുണ്ട്.
സെൻട്രൽ കൗൺസിൽ അംഗങ്ങളായ ഡി. നാഗേന്ദ്ര റാവു, കൊച്ചി ചാപ്‌റ്റർ ചെയർമാൻ ആശിഷ് മോഹൻ, എസ്.ഐ.ആർ.സി - ഐ.സി.എസ്.ഐ ചെയർമാൻ എ. മോഹൻകുമാർ, സെക്രട്ടറി എൻ. ബാലസുബ്രഹ്മണ്യം എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |