കൊല്ലം: വന്ദേഭാരതിലെപ്പോലെ എല്ലാ ട്രെയിനുകളിലും സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കും. ഒരു വർഷത്തിനുള്ളിൽ 40,000 കോച്ചുകളിൽ പദ്ധതി നടപ്പാക്കും. 15,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
പുറത്തും അകത്തും ക്യാമറ സ്ഥാപിച്ചാൽ ട്രെയിനിലെ അക്രമികൾ, കല്ലെറിയുന്നവർ എന്നിവരെ വേഗം തിരിച്ചറിയാമെന്ന് ആർ.പി.എഫ് റെയിൽവേക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത നിലവാരമുള്ള എ.ഐ ക്യാമറകൾ മികച്ച സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാൻ റെയിൽവേ നടപടിയാരംഭിച്ചു.
മൂന്ന് സാമ്പത്തിക വർഷം 1,200 കോടി രൂപ വാർഷിക വരുമാനമുണ്ടാക്കിയ കമ്പനികൾക്കാണ് ടെൻഡറിൽ പങ്കെടുക്കാം. കോച്ചുകളിലെ ക്യാമറയിലെ ദൃശ്യങ്ങൾ ഗാർഡുകൾക്കുള്ള ബോഗിയിൽ ലഭ്യമാകും. ലോക്കോ പൈലറ്റിനും സ്ക്രീൻ സജ്ജമാക്കും. പാളത്തിൽ നിശ്ചിത കിലോമീറ്റർ വരെ വസ്തുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ സെൻസറുകൾ ഘടിപ്പിച്ച ക്യാമറകളും സ്ഥാപിക്കും.
ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തും
രണ്ടാംഘട്ടമെന്നോണം ട്രെയിൻ ക്യാമറകളിലെ ദൃശ്യം റെയിൽവേയുടെ കൺട്രോൾ റൂമിൽ ലഭ്യമാക്കും. നിലവിൽ ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) സംവിധാനമനുസരിച്ചുള്ള സുരക്ഷയാണ് ട്രെയിനുകളിലുള്ളത്. ആർ.പി.എഫിൽ ആളെണ്ണം കുറവായതിനാൽ എല്ലാ കമ്പാർട്ട്മെന്റുകളിലും എത്താൻ കഴിയില്ല. ക്യാമറ സ്ഥാപിക്കുന്നതോടെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |