കോഴിക്കോട്: ഭിന്നശേഷി സൗഹൃദമെന്ന പ്രഖ്യാപനം വീമ്പുപറച്ചിലായതോടെ അന്നത്തിന് ആശ്രയമില്ലാതെ ഭിന്നശേഷിക്കാർ. സകല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ആയിരത്തിലധികം പേരാണ് ജില്ലയിലുള്ളത്. കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് ആശ്വാസകിരണം പദ്ധതി വഴിയുള്ള ധനസഹായം മുടങ്ങിയിട്ട് രണ്ടര വർഷമായി. പലതവണ അധികൃതരെ സമീപിച്ചിട്ടും ഒരുനടപടിയും ഉണ്ടായില്ല.
ഭിന്നശേഷിക്കാർക്ക് ഡ്രെെവിംഗ് ലെെസൻസ് അനുവദിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും രണ്ട് തട്ടിലാണ്. ലൈസൻസുള്ളവർക്ക് മോട്ടോർ സെെക്കിൾ വാങ്ങാൻ ധനസഹായം നൽകാമെന്ന് പഞ്ചായത്ത് സമ്മതിക്കുമ്പോൾ സ്വന്തമായി വാഹനമുള്ളവർക്കെ ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുള്ളൂവെന്ന നിലപാടിലാണ് മോട്ടോർ വാഹനവകുപ്പ്.
1600 രൂപയാണ് ഭിന്നശേഷി ക്ഷേമ പെൻഷനായി ലഭിക്കുന്ന്. ഇത് പലർക്കും ഒരുമാസത്തെ മരുന്ന് വാങ്ങിക്കാൻ പോലും തികയില്ല. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് യാതൊരുവിധ സഹായവും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.
കെട്ടിട നികുതിയിലും, വൈദ്യുതി, കുടിവെള്ള ബില്ലുകളിലും ഇളവുകൾ അനുവദിക്കാമെന്ന് പറഞ്ഞിട്ടും ഇതുവരെ യാതൊരു നടപടികളും ഇക്കാര്യത്തിലും കൈക്കൊണ്ടിട്ടില്ല. ആകെയുണ്ടായിരുന്ന സഹായമായിരുന്നു കെ.എസ്.ആർ.ടി.സിയിലെ യാത്രാപാസ്. ഇതിന് വാർഷിക കുടുംബവരുമാനം 20000 രൂപയാവണം എന്ന നിബന്ധന ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ഭിന്നശേഷിക്കാർ പറയുന്നത്.
കൂട്ടായ്മയുടെ ചെയർമാൻ ബാലൻ കാട്ടുങ്ങൽ പറയുന്നത്.
മൂന്നിന് സമരം
ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും സംയുക്തസമരം നടത്താൻ വിവിധ ഭിന്നശേഷിസംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്.
ആവശ്യങ്ങൾ ഇതെല്ലാം
മുടങ്ങിക്കിടക്കുന്ന ആശ്വാസ കിരണം പദ്ധതി പുനസ്ഥാപിക്കണം.
സർക്കാർ പ്രഖ്യാപിച്ച ഭിന്നശേഷി സൗഹൃദ കേരളം പൂർണ അർത്ഥത്തിൽ നടപ്പിലാക്കണം.
യു.ഐ.ഡി.ഐ കാർഡ് മുഴുവൻ ഭിന്നശേഷിക്കാർക്കും ലഭ്യമാക്കണം,
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്‌പെഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കണം,
താത്കാലികമായി സർക്കാർ ജോലിയിൽ പ്രവേശിച്ച് 2004 മുതൽ പിരിച്ചുവിട്ടവരെ പുനർനിയമിക്കണം.
ഭിന്നശേഷിക്കാർക്ക് സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം.
ക്ഷേമപെൻഷൻ ലഭിക്കാനായി സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളിൽ എല്ലാ ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
'വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യാനിറങ്ങുന്നത്. പലരുടെയും ജീവിതത്തിലെ ഏക ആശ്രയം സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ്. ഇതിലും യാതൊരുവിധ വർദ്ധനയും വർഷങ്ങളായി ഉണ്ടായിട്ടില്ല. മരുന്നുപോലും വാങ്ങിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുഹമ്മദ് മടവൂർ (ട്രഷറർ, ഭിന്നശഷി കൂട്ടായ്മ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |