ന്യൂഡൽഹി: രാജ്യത്തിന്റെ ജനസംഖ്യാ വളർച്ച മൂന്നു ശതമാനമെങ്കിലും വേണമെന്നും, 2.1 ശതമാനത്തിൽ താഴെ പോയാൽ സമൂഹം നശിക്കുമെന്നും ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. കുടുംബം സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ്. അതിന്റെ നിലനിൽപ്പിന് ജനസംഖ്യ വളരണം. രാജ്യത്തിന്റെ ജനസംഖ്യാവളർച്ച കുറയുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം നാഗ്പൂരിൽ ഒരു ചടങ്ങിൽ പറഞ്ഞു.
1998-2002 കാലത്ത് രൂപീകരിച്ച ഇന്ത്യയുടെ ജനസംഖ്യാനയത്തിൽ വളർച്ച 2.1 ശതമാനത്തിൽ കുറയരുതെന്ന് നിഷ്ക്കർഷിച്ചിരുന്നു. അതിൽ താഴെ പോയാൽ സമൂഹം സ്വയംനശിക്കും. മറ്റൊരു പ്രതിസന്ധിയും നേരിടാതെ തന്നെ മനുഷ്യസമൂഹം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകും. ജനസംഖ്യ കുറഞ്ഞ് പല സമൂഹങ്ങളും ഭാഷകളും ഇതിനകം ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനസംഖ്യാശാസ്ത്രപ്രകാരം, സമൂഹത്തിന്റെ അതിജീവനത്തിന് വളർച്ച രണ്ട്ശതമാനത്തിൽ കൂടുതലാവണം. അത് മൂന്നു ശതമാനമെങ്കിലും വേണം.
എല്ലാ സമുദായങ്ങൾക്കും ഒരു പോലെ ബാധകമായ ജനസംഖ്യാനയം ഇന്ത്യയ്‌ക്ക് ആവശ്യമാണെന്ന് നേരത്തെ മോഹൻ ഭാഗവത് പറഞ്ഞിരുന്നു. രാജ്യത്തെ വിവിധസമുദായങ്ങൾ തമ്മിൽ ജനസംഖ്യാ സന്തുലനം വേണം. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാസന്തുലനം പ്രധാനമാണ്. ഈ സന്തുലനം ഇല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ അതിരുകളും മാറും. ജനസംഖ്യ വർദ്ധിക്കുന്നത് വലിയ ബാദ്ധ്യതയാകുമെന്നത് വസ്തുതയാണ്. അതേസമയം അത് വലിയ വിഭവ ശേഷി കൂടിയാണ്. അതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അൻപത് വർഷം കഴിഞ്ഞാൽ നമ്മുടെ രാജ്യത്തിന് എത്ര ജനങ്ങളെ പോറ്റാൻ കഴിയും എന്ന് ആലോചിക്കണമെന്നും ഭാഗവത് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |