ചെന്നൈ: ഏറെ നാശം വിതച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്നലെ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരം കടന്നുതുടങ്ങി. ശക്തി കുറഞ്ഞ ഫെയ്ഞ്ചൽ അതിതീവ്ര ന്യൂനമർദ്ദമായി.ഏതാനും മണിക്കൂറിൽ സാവധാനം പടിഞ്ഞാറോട്ട് നീങ്ങി ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ തമിഴ്നാട്ടിൽ ന്യൂനമർദ്ദമായി തുടരും. ഇന്നും ശക്തമായ മഴ പെയ്തേക്കും. പുതുച്ചേരിയിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ വിമാനത്താവളം തുറന്നു. ഇപ്പോഴും നിരവധി ആശുപത്രികളും വീടുകളും വെള്ളത്തിലാണ്. മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഒമ്പത് പേർ മരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങൾ അതീവ ജാഗ്രതയിലാണ്. തമിഴ്നാട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടാണ്.ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു. പല സബർബൻ ട്രെയിൻ സർവീസുകളും നിറുത്തി. 2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. തീരദേശ ആന്ധ്രയിലും മഴ കനക്കും. ചുഴലിക്കറ്റിനെ തുടർന്നുള്ള മഴയിൽ ശ്രീലങ്കയിൽ മരണം 19 ആയി. അതിനിടെ, തിരുവണ്ണാമലൈയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.
30 വർഷത്തിനിടയിലെ
ശക്തമായ മഴ
പുതുച്ചേരിയിൽ 30 വർഷത്തെ ഏറ്റവും ഉയർന്ന മഴയാണ് പെയ്തത്. മണിക്കൂറിൽ 48.4 സെന്റീമീറ്റർ. പലയിടത്തും
വെള്ളപ്പൊക്കമുണ്ടായി. ഗതാഗതം തടസപ്പെട്ടു. വീടുകൾ വെള്ളത്തിലായി. മരങ്ങൾ കടപുഴകി, വൈദ്യുതി നിലച്ചു. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. 200ഓളം പേരെ എൻ.ഡി.ആർ.എഫ് രക്ഷപ്പെടുത്തി.
സാഹസിക ലാൻഡിംഗ് ശ്രമം
ശക്തമായ കാറ്റിലും മഴയിലും ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിച്ച ഇൻഡിഗോ വിമാനത്തിന്റെ ദൃശ്യങ്ങൾ വൈറലായി. ശനിയാഴ്ച ഉച്ചയോടെ ലാൻഡ് ചെയ്യുന്നതിനിടെ ഇടത്തോട്ട് ചെരിഞ്ഞ വിമാനം പൊടുന്നനെ പറന്നുയരുകയായിരുന്നു. റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. വശങ്ങളിൽ നിന്നു കാറ്റ് വീശിയതാണ് ( ക്രോസ് വിൻഡ് ) അപടാവസ്ഥയുണ്ടാക്കിയത്. നിലം തൊട്ട വിമാനം ശക്തമായ കാറ്റിൽ ഇടത്തോട്ട് ചെരിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് പറന്നുയർന്നു. പിന്നീട് ഉച്ചയ്ക്ക് 12.40 ന് വിമാനം ഇവിടെ തന്നെ ലാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |