കാക്കനാട്: ഡിജിറ്റൽ അറസ്റ്റ് ഭീഷണിമുഴക്കി വീട്ടമ്മയുടെ 4.11 കോടി രൂപ തട്ടിയ കേസിൽ മലപ്പുറം സ്വദേശി മുഹമ്മദ് മുഹസിൽ (22), കോഴിക്കോട് സ്വദേശി മിഷാബ്. കെ.പി (21) എന്നിവരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലാണിത്.
നഷ്ടമായ തുകയുടെ വലിയൊരു ഭാഗം മലപ്പുറത്ത് പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയത് വഴിത്തിരിവായി. പണം പിൻവലിച്ച സ്ഥലങ്ങളിലെ ഫോൺ കോൾ വിവരങ്ങൾ പിൻതുടർന്നാണ് അറസ്റ്റ്. പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചത്.
തട്ടിയെടുത്ത തുക 450 ബാങ്ക് അക്കൗണ്ടുകളിലൂടെ കൈകാര്യം ചെയ്തതായി പൊലീസ് കണ്ടെത്തി. തുടർന്ന് ഒരു കോടിയോളം രൂപ മരവിപ്പിച്ചു. പ്രതികൾ ഉപയോഗിച്ച വാഹനവും കൈയിലുണ്ടായിരുന്ന 1,34,000 രൂപയും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ മുരളി. എം.കെയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ചായിരുന്നു അന്വേഷണം.
ഇൻസ്പെക്ടർ സന്തോഷ് പി.ആർ., എ.എസ്.ഐ ശ്യാംകുമാർ, എസ്.സി. പി.ഓ.മാരായ അരുൺ ആർ., അജിത്ത് രാജ്, നിഖിൽ ജോർജ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
തട്ടിപ്പ് രീതി
ഡൽഹി ഐ.സി.ഐ.സി.ഐ ബാങ്കിൽ പരാതിക്കാരിക്ക് അക്കൗണ്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സന്ദീപ് കുമാർ എന്നയാൾ ഈ അക്കൗണ്ട് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിലൂടെ മനുഷ്യക്കടത്തും ലഹരികടത്തും നടത്തിയതായി പ്രതികൾ വിശ്വസിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടുകളിലെ തുക തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്നും കേസ് തീർന്നാൽ തിരികെ നൽകുമെന്നും ഉറപ്പ് നൽകി. ഇല്ലെങ്കിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് വാട്സ് ആപ്പ് വഴി ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്ന് അക്കൗണ്ടുകളിൽ നിന്ന് ഏഴ് തവണയായി ഒക്ടോബർ 16 മുതൽ 21 വരെ പണം അയച്ചുകൊടുത്തു. തട്ടിപ്പാണെന്ന് തോന്നിയതിനാൽ ഒക്ടോബറിൽ തൃക്കാക്കര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |