ഡേറ്റിംഗ് ട്രെൻഡുകളുടെ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഗോസ്റ്റിംഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിംഗ്സ്, സോംബീയിംഗ്, ഫ്രണ്ട്ഷിപ്പ് മാര്യേജ് എന്നിങ്ങനെ നിരവധി ഡേറ്റിംഗ് ട്രെൻഡുകളാണ് ഇന്ന് ലോകത്ത് ചർച്ചയാകുന്നത്. പല രാജ്യങ്ങളിലെ യുവാക്കളും ഈ ട്രെൻഡുകളുടെ പിറകെയാണ്. ഇക്കൂട്ടത്തിൽ എത്തിയ പുതിയ ഒരു ട്രെൻഡിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച. പറഞ്ഞുവരുന്നത് സ്ലെഡ്ജിംഗിനെക്കുറിച്ചാണ്. ജെൻ സി യുവാക്കൾ ശൈത്യകാലത്ത് പിന്തുടരുന്ന ഒരു ഡേറ്റിംഗ് ട്രൻഡാണ് സ്ലെഡ്ജിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്. വിശദമായി പരിശോധിക്കാം..
എന്താണ് സ്ലെഡ്ജിംഗ്?
വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിലുള്ള ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു ഡേറ്റിംഗ് ട്രെൻഡാണ് സ്ലെഡ്ജിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്.
ഈ സമയത്ത് തിരഞ്ഞെടുക്കുന്ന പങ്കാളികളോട് യഥാർത്ഥ താൽപ്പര്യമില്ലെങ്കിലും ശൈത്യകാലത്ത് പ്രണയബന്ധത്തിലേക്ക് ആരെയെങ്കിലും വലിച്ചിഴയ്ക്കുന്ന പ്രവൃത്തിയായി നിർവചിക്കപ്പെടുന്നു. 18 മുതൽ 25 വയസ് വരെയുള്ള ജെൻ സി യുവാക്കളുടെ ഇടയിലാണ് ഈ ട്രെൻഡ് വ്യാപകമാകുന്നത്. ഈ ബന്ധങ്ങൾക്ക് യാതൊരു ആത്മാർത്ഥതയും ഉണ്ടാകില്ല. തണുപ്പുകാലത്തെ ആശ്വാസത്തിന് വേണ്ടി മാത്രം കണ്ടെത്തുന്ന ഒരു റിലേഷൻഷിപ്പ് മാത്രമാണിതെന്നാണ് വാദം
പഠന റിപ്പോർട്ട്
ഡേറ്റിംഗ് ആപ്പായ ഹാപ്പൻ സ്ലെഡ്ജിംഗ് ട്രെൻഡിനെക്കുറിച്ച് വിശദമായ ഒരു പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ നിർണായകമായ ചില കണ്ടെത്തലുണ്ടായി. സ്ലെഡ്ജിംഗ് ഡേറ്റിംഗ് തിരഞ്ഞെടുത്ത പത്തിലൊരാൾ പരസ്പരം ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി ക്രിസ്തുമസ് സീസണിൽ അവർ ഡേറ്റ് ചെയ്യുന്നു. ആ സീസണിന് ശേഷം അവർ വേർപിരിയാൻ പദ്ധതിയിടുന്നു. എന്നാൽ 75% പേരും നവംബറിൽ വേർപിരിയാനുള്ള തീരുമാനമെടുത്തതായി പറഞ്ഞു. എന്നാൽ അതിന് ശേഷവും തനിച്ചാകാതിരിക്കാൻ അവർ ആ തീരുമാനം പുതുവർഷത്തിന് ശേഷം മാറ്റിവച്ചു.
ടോക്സിക്ക്
റൊമാൻസ് വിദഗ്ധയായ ക്ലെയർ റെനിയർ പറയുന്നത് ഇതൊരു ടോക്സിക്ക് റിലേഷൻഷിപ്പാണെന്നാണ്. ഹ്രസ്വകാല സംതൃപ്തിക്ക് വേണ്ടി ആളുകൾ ഇമോഷൻ വച്ചാണ് കളിക്കുന്നതെന്ന് ക്ലെയർ റെനിയർ മുന്നറിയിപ്പ് നൽകുന്നു. സീസണൽ ബന്ധം, ലൈംഗികത, നിങ്ങൾ ഇപ്പോഴും സിംഗിളാണോ എന്ന ചോദ്യങ്ങളിൽ നിന്ന് രക്ഷനേടൽ എന്നിവയ്ക്ക് വേണ്ടിയാണ് പലരും സ്ലെഡ്ജിംഗ് ട്രെൻഡ് പിന്തുടരുന്നത്.
ശൈത്യകാലത്തെ ഒരു കൂട്ടിന് വേണ്ടിയാണ് 50 ശതമാനം പേരും സ്ലെഡ്ജിംഗിൽ ഏർപ്പെടുന്നത്. 60 ശതമാനം പേരും പറയുന്നത് തണുപ്പുകാലത്തെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞു. 40 ശതമാനം പേരും പറയുന്നത് ഒറ്റപ്പെടൽ അകറ്റുന്നതിന് വേണ്ടിയാണ് സ്ലെഡ്ജിംഗിൽ ഏർപ്പെടുന്നത് എന്നാണ്.
യുവാക്കൾ പിന്തുടരുന്ന ഈ രീതിക്കെതിരെ വലിയ എതിർപ്പ് പല സമൂഹങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഓരോ ബന്ധങ്ങളിലും ആധികാരികത കണ്ടെത്താൻ യുവാക്കൾ ശ്രമിക്കണം. ഇതുവഴി അവർക്ക് ആത്മാർത്ഥമായി താൽപ്പര്യമുള്ള പങ്കാളികളെ കണ്ടെത്താനും ശീതകാലത്തിനപ്പുറം നീണ്ടുനിൽക്കുന്ന ബന്ധം നിലനിർത്താനും കഴിയുമെന്നാണ് വിമർശകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |