ന്യൂഡൽഹി: എച്ച് ഐ വി പോസിറ്റീവായ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. ഡൽഹിയിലെ പാലം വിഹാർ റെയിൽവേസ്റ്റേഷന് സമീപത്താണ് വികൃതമാക്കിയ നിലയിൽ ഇരുപത്തഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ പലഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും സ്വകാര്യ ഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു. വഴിയാത്രക്കാരനായ ഒരാളാണ് മൃതദേഹം കണ്ടതും പൊലീസിനെ വിവരമറിയിച്ചതും. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്ന് യുവാവിന്റെ ഫോൺ കണ്ടെത്തിയിട്ടുണ്ട്. തലയിൽ ഭാരമുള്ള എന്തോ കൊണ്ട് അടിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞമാസം ഇരുപത്തിമൂന്നുമുതൽ യുവാവിനെ കാണാനില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ദ്വാകര സെക്ടർ 23 പൊലീസ് സ്റ്റേഷനിൽ പരാതിയും ലഭിച്ചിരുന്നു. യുവാവ് ഒരു ഇ- കൊമേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഫോൺ പരിശോധനയിൽ യുവാവിന് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് യുവാവ് സ്വവർഗാനുരാഗിയാണോ എന്ന സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൂടുതൽ പരിശോധനയിലാണ് യുവാവ് വിവാഹിതനും എച്ച് ഐ വി പോസിറ്റീവാണെന്നും വ്യക്തമായത്.
മൃതദേഹം കണ്ടെത്തിയിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ യുവാവിനെ രണ്ടുപേർ പിന്തുടരുന്നത് കാണാം. സംശയമുളള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അവർക്ക് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുവാവുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളോ, രോഗ വിവരം മറച്ചുവച്ചതോ ആകാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം അന്തിമഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ കൂടുതലൊന്നും പറയാൻ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |