കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ലാറ്റിൽ വച്ച് മരിച്ചസംഭവത്തിലാണ് ദുരൂഹതകളേറുന്നത്. വിപഞ്ചിക സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അഭിഭാഷകൻ മനോജ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിവാഹദിവസം മുതൽ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കൂടുതൽ തെളിവുകളുണ്ടെന്നുമാണ് മനോജ് കുമാർ പറയുന്നത്.
മരിക്കുന്നതിന് മുൻപ് വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവച്ച ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. യുവതിയുടെ ഫോണും ലാപ്ടോപ്പും ഫ്ലാറ്റിൽ നിന്ന് കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല. ഞാൻ വേദനിക്കുമെന്ന് കരുതി അവൾ ഒന്നും തുറന്ന് പറഞ്ഞില്ല. ഞാനൊറ്റയ്ക്കാണ് അവളെ വളർത്തിയത്. ആ അവസ്ഥ തന്റെ കുഞ്ഞിന് വരരുതെന്ന് വിപഞ്ചിക ആഗ്രഹിച്ചിരുന്നു. അവൾ നാട്ടിൽ വന്നാൽ എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും. അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കിയതാണ്'- വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.
അതേസമയം, വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ വിദേശകാര്യമന്ത്രി, ഷാർജയിലെ ഇന്ത്യൻ കോൺസുലേറ്റ്, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. തന്റെ കൊലയാളികളെ വെറുതെവിടരുതെന്ന് വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. ഭർത്താവ് നിതീഷ് മോഹനിൽ നിന്ന് നേരിട്ട അതിക്രൂര പീഡനങ്ങൾക്ക് പുറമേ ഭർത്തൃപിതാവ് മോഹനൻ വലിയവീട്ടിൽ, ഭർത്തൃസഹോദരി നീതു എന്നിവർക്കെതിരെയും ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളുണ്ട്. ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് മൃതദേഹങ്ങൾ. വൈഭവിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. തെളിവ് ശേഖരിക്കേണ്ടതിനാൽ വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |