ന്യൂഡൽഹി : അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ശിരോമണി അകാലി ദൾ അദ്ധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേർക്ക് നടന്ന വധശ്രമം രാഷ്ട്രീയ വാക്പോരിന് തുടക്കമിട്ടു. സുവർണ ക്ഷേത്രത്തിന്റെ സുരക്ഷയിലും ആശങ്കയുയർത്തി.
മതശിക്ഷ ഏറ്റുവാങ്ങി ബാദൽ ഇരിക്കുന്നത് പകർത്താൻ മാദ്ധ്യമപ്രവർത്തകർ അവിടെയുണ്ടായിരുന്നു. ആ സമയത്താണ് ഖാലിസ്ഥാൻ മുൻ ഭീകരന്റെ അപ്രതീക്ഷിത ആക്രമണവും, ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതും. കാലിൽ പരിക്കേറ്റ ബാദൽ വീൽചെയറിലായിരുന്നു. തക്കസമയത്ത് തോക്ക് തട്ടിമാറ്റിയതിനാൽ ലക്ഷ്യം തെറ്റി വെടിയുണ്ട ബാദലിന്റെ പിന്നിലെ ഭിത്തിയിൽ തറച്ചു.
ജുഡീഷ്യൽ അന്വേഷണം വേണം
ആക്രമണത്തിൽ ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തിയ ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീദിയ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. സുവർണ ക്ഷേത്രത്തിന്റെ സുരക്ഷയിൽ ചോദ്യങ്ങൾ ഉന്നയിച്ചു. അക്രമി ദിവസങ്ങളായി ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. സുരക്ഷാ ഏജൻസികൾക്ക് വീഴ്ചയുണ്ടായി. അക്രമത്തെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി തലവൻ ഹർജീന്ദർ സിംഗ് ധാമി അപലപിച്ചു. സുവർണ ക്ഷേത്രത്തിന് നേർക്കുള്ള ആക്രമണമാണ്. കേജ്‌രിവാളിന്റെയും ഭഗ്‌വന്ത് മന്നിന്റെയും നേതൃത്വമുള്ള പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് ബി.ജെ.പി നേതാവ് മൻജീന്ദർ സിർസ ആരോപിച്ചു. അക്രമിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും, എ.സി.പിയെ സസ്‌പെൻഡ് ചെയ്യണമെന്നും കോൺഗ്രസ് പഞ്ചാബ് അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗ് ആവശ്യപ്പെട്ടു.
ഖാലിസ്ഥാൻ ബന്ധം ?
ഖാലിസ്ഥാൻ ഭീകരർക്കെതിരെ 1984 ജൂൺ 1 മുതൽ 10 വരെ സുവർണ ക്ഷേത്രത്തിൽ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ഭീകരതലവൻ ജർണൈൽ സിംഗ് ഭിന്ദ്രൻവാലെ അടക്കം 400ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. സൈനിക ഓപ്പറേഷന് ഉത്തരവിട്ട അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നത് ചരിത്രം. ഇന്നലെ ബാദലിനെ വധിക്കാൻ ശ്രമിച്ച നാരായൺ സിംഗ് ചൗരയും ഖാലിസ്ഥാൻ മുൻ ഭീകരനാണ്. ബുറൈൽ ജയിലിൽ നിന്ന് ഖാലിസ്ഥാൻ ഭീകരരെ രക്ഷപ്പെടാൻ സഹായിച്ച കേസിലെ പ്രതിയാണ്. ജയിലിലെ വൈദ്യുതി വിച്ഛേദിച്ചാണ് ജയിൽചാട്ടത്തിന് സൗകര്യമൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |