അലനല്ലൂർ: ടൗണിലെ കിഴക്കേതലയിൽ റോഡിലേക്ക് ഏതുസമയവും കടപുഴകി വീഴാറായ നിൽക്കുന്ന മരം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. പഞ്ചായത്ത് ബസ് സ്റ്റാന്റിനും പെട്രോൾ പമ്പിനും ഇടയിൽ ഓവുപാലത്തോടു ചേർന്ന് നിൽക്കുന്ന മരമാണ് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. മരത്തിന്റെ മുക്കാൽഭാഗവും റോഡിലേക്കാണ് ചാഞ്ഞ് നിൽക്കുന്നത്.
മരത്തിന്റെ തടി പോടുവന്ന നിലയിലാണ്. കൊമ്പുകളും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്. മരത്തിന്റെ എതിർവശത്ത് ഓഡിറ്റോറിയവും ബാങ്കും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉള്ളതിനാൽ പകൽ സമയത്ത് ഇവിടെ ജനങ്ങളുടെ നല്ല തിരക്കാണ് ദിനംപ്രതി ഉണ്ടാകാറുള്ളത്.
കൂടാതെ വഴിയോര കച്ചവടക്കാരും പെട്രോൾ പമ്പിലെത്തുന്നതുമായ വാഹനങ്ങളും ഇവിടെ ഉണ്ടാകാറുണ്ട്. 50 മീറ്റർ അകലെയാണ് സ്‌കൂൾപടി ജംഗ്ഷൻ. സ്‌കൂളിലേക്കും സമീപത്തുള്ള മദ്രസയിലേക്കും ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികൾ വീഴാറായ ഈ മരത്തിന്റെ ചുവട്ടിലൂടെയാണ് നടന്നു പോകുന്നത്.
കടപുഴകിയാൽ വൈദ്യുതി കാലുകളും കമ്പികളും പൊട്ടിവീഴും. കാറ്റിൽ ഉലയുന്ന മരം എത്രയും വേഗം മുറിച്ച് മാറ്റിയില്ലെങ്കിൽ വലിയ അപകടമാകും ഉണ്ടാകുമെന്നത് ഉറപ്പാണ്. വിഷയത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |