കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടക്കം ചില പ്രമുഖ ക്ഷേത്രങ്ങളിലെ സവിശേഷ ചടങ്ങുകളിൽ പൊലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം. നിർബന്ധമായും തുടരണമെങ്കിൽ ഇതിന്റെ ചെലവ് ക്ഷേത്രങ്ങൾ വഹിക്കണം. തുക എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. രാജഭരണകാലം മുതൽ തുടരുന്ന രീതിയാണ് നിറുത്തലാക്കുന്നത്.
ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ കത്ത് പൊലീസ് ആസ്ഥാനത്തുനിന്ന് ബന്ധപ്പെട്ട സ്റ്റേഷനുകളിൽ കഴിഞ്ഞയാഴ്ച എത്തിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരം ശ്രീവരാഹം ശ്രീകുന്നാണ്ടൻ മഹാഗണപതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ഗാർഡ് ഒഫ് ഓണർ നൽകുന്നതു സംബന്ധിച്ച് സെപ്തംബർ അഞ്ചിന് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഗാർഡ് ഒഫ് ഓണർ നൽകേണ്ടതില്ലെന്നാണ് തങ്ങളുടെയും തീരുമാനമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ബി.വി.വിജയ്ഭാരത റെഡ്ഡിയും യോഗത്തിൽ അറിയിച്ചിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലടക്കം തിരു- കൊച്ചി മേഖലയിലെ ഇരുപതോളം ക്ഷേത്രങ്ങളിലാണ് ഗാർഡ് ഒഫ് ഓണർ നിലവിലുള്ളത്. രാജകുടുംബങ്ങൾ ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയപ്പോൾ ഒപ്പുവച്ച കവനന്റിൽ, പാലിച്ചുവന്ന ആചാരങ്ങൾക്ക് ഭംഗം വരുത്തരുതെന്ന വ്യവസ്ഥയുള്ളതിനാലാണ് ഇത് തുടർന്നിരുന്നത്.
ഗാർഡ് ഒഫ് ഓണറുള്ള
പ്രധാന ക്ഷേത്രങ്ങൾ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (ഉത്സവങ്ങൾക്കും ആറാട്ടിനും), തിരുവനന്തപുരം വെള്ളായണി ദേവീ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രം, തൃശൂർ ഉൗരകം അമ്മതിരുവടി ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം.
''ക്ഷേത്രാചാരങ്ങൾ അതേപടി തുടരണമെന്ന വ്യവസ്ഥയോടെയാണ് ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയിട്ടുള്ളത്. ഗാർഡ് ഒഫ് ഓണറിന്റെ കാര്യം പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽകൂടി അത് പാലിക്കുകയാണ് അഭികാമ്യം
എം.ജി.ശശിഭൂഷൺ
ചരിത്രകാരൻ
''സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണം
കുമ്മനം രാജശേഖരൻ
ബി.ജെ.പി. നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |