ഉറപ്പില്ലാത്ത കാര്യത്തിന്, 'കാലാവസ്ഥാ പ്രവചനം പോലെ" എന്നൊരു ചൊല്ലുണ്ടായിരുന്നു, പണ്ട്! കാലാവസ്ഥാ വിശകലന രീതികൾ മാറുകയും, പ്രവചനങ്ങൾക്കും മുന്നറിപ്പുകൾക്കും അത്യാധുനിക സങ്കേതങ്ങൾ പ്രചാരത്തിൽ വരികയും ചെയ്തതോടെ അതു പഴങ്കഥയായി. ഒരു പ്രത്യേക സ്ഥലത്തെ കാലാവസ്ഥ അടുത്ത മൂന്നു മണിക്കൂറിൽ എങ്ങനെയാകുമെന്നതു വരെ മുൻകൂട്ടി പ്രവചിക്കാവുന്ന (നൗ കാസ്റ്റ്) രീതിയിൽ കാലാവസ്ഥാ വിശകലന രീതികൾ അടിമുടി മാറിയിരിക്കുന്നു! കേന്ദ്ര കാലാവസ്ഥാ വിഭാഗം, കേരള കേന്ദ്രം (തിരുവനന്തപുരം) ഡയറക്ടർ നീത കെ. ഗോപാൽ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു:
കേരളത്തിൽ താപനില വർദ്ധനവുണ്ടോ?
ആ പ്രവണതയാണ് കാണുന്നതെന്നു മാത്രമല്ല, അത് എല്ലാ സീസണിലും പ്രകടവുമാണ്. 2018 വരെയുള്ള താപനില അടിസ്ഥാനമാക്കി നടത്തിയ പഠനം അത് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ കൂടിയ താപനിലയായിരുന്നു.
ഉഷ്ണതരംഗത്തിന്റെ മുന്നറിയിപ്പു പോലും നൽകിയിട്ടുണ്ട്. ശൈത്യകാലത്തിന്റെ തുടക്കത്തിൽപ്പോലും ചൂട് കൂടുതലാണ്. അടുത്ത വേനലിലെ താപനിലയെക്കുറിച്ച് ഇപ്പോൾ ഔദ്യോഗികമായി പറയാനാവില്ല. ആഗോളതാപനവും ഗ്രീൻഹൗസ് വാതകങ്ങളുടെ വർദ്ധനവുമാണ് കാരണം. ഈ ശൈത്യകാലത്ത് (വൃശ്ചികം, ധനു) തണുപ്പ് പൊതുവെ കുറവായിരിക്കും.
കേരളത്തിൽ മഴയുടെ പ്രകൃതം മാറിയിട്ടുണ്ടല്ലോ.
പണ്ടൊക്കെ പെയ്യുന്ന രീതിയിലുള്ള മഴയല്ല ഇപ്പോൾ ലഭിക്കുന്നത്. പണ്ട് തുടർച്ചയായി പെയ്യുന്ന മഴയായിരുന്നുവെങ്കിൽ ഇപ്പോൾ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മഴയാണ് പെയ്യുന്നത്. മഴയുടെ പ്രകൃതം മാറി; തീവ്രത കൂടി.
അതുകൊണ്ട് ദുരന്തങ്ങളും കൂടി....
മഴയുടെ സ്വഭാവം മാറുമ്പോൾ ആഘാതവും കൂടും. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ചെറിയ മഴ വെള്ളക്കെട്ട് സൃഷ്ടിക്കും. പണ്ടത്തെപ്പോലെ മലവെള്ളപ്പാച്ചിൽ ഇപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷേ, അന്നൊന്നുമില്ലാതിരുന്ന മിന്നൽ പ്രളയം പോലുള്ളവ ഇപ്പോൾ ഉണ്ടാകുന്ന സാഹചര്യമാണ്.
മലയോര മേഖലയിൽ സ്ഥിരം ജാഗ്രത വേണ്ടുന്ന സാഹചര്യമുണ്ടോ.
മഴ പെയ്യുന്ന സമയങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ പ്രവചിക്കാൻ സാധിക്കില്ല.
ദുരന്തത്തിന് അനുസരിച്ച് ജീവിതശൈലി മാറ്റേണ്ട സ്ഥിതിയുണ്ടോ.
കൃത്യമായ ജാഗ്രതാ നിർദ്ദേശം പാലിക്കുന്നത് പ്രധാനമാണ്. മഴ പെയ്യുമ്പോൾ നദിയിൽ ഇറങ്ങരുത്, മലയോര മേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് മാറിത്താമസിക്കുന്നതും പ്രധാനമാണ്. ഭാവിയിലെങ്കിലും, പ്രകൃതിക്കു കോട്ടം വരുത്താതെ വേണം നിർമ്മാണ പ്രവർത്തനങ്ങൾ എന്നത് എല്ലാവരും ശ്രദ്ധിച്ചാൽ നന്ന്.
കാലാവസ്ഥാ മാറ്റങ്ങൾ വലിയ രീതിയിലാണല്ലോ...
കാലാവസ്ഥാ വ്യതിയാനം എപ്പോഴുമുള്ളതാണ്. എന്നാൽ, തീവ്രത കൂടിയ കാലാവസ്ഥാ സാഹചര്യങ്ങൾ അടിക്കടി ഉണ്ടാകുന്നതു കൊണ്ട് അതു മൂലമുള്ള ദുരന്തങ്ങൾ വർദ്ധിച്ചു. മഴയുടെ തീവ്രത കൂടുമ്പോഴും അതികഠിനമായ ചൂട് അനുഭവപ്പെടുമ്പോഴും, അത് മനുഷ്യജീവിതത്തിനു മേൽ സൃഷ്ടിക്കുന്ന ആഘാതം കൂടിവരുന്നു.
മുന്നറിയിപ്പുകൾ കൃത്യമാണോ.
ഇന്ത്യ ഉൾപ്പെടുന്ന ലോക രാജ്യങ്ങൾക്ക് ആധുനിക സംവിധാനങ്ങൾ ഉണ്ടെങ്കിൽപ്പോലും കിറുകൃത്യമായി കാലാവസ്ഥാ പ്രവചനം നടത്തുന്നതിന് പരിമിതികളുണ്ട്. പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോൾ കാലാവസ്ഥ കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ എന്തൊക്കെയെന്ന തരത്തിലാണ് മുന്നറിയിപ്പുകൾ നൽകുന്നത്. ഇനിയുള്ള കാലത്ത് ഈ രീതിയിലായിരിക്കും മുന്നറിയിപ്പുകൾക്ക് പ്രാമുഖ്യമുണ്ടാവുക.
കാലാവസ്ഥാ പ്രവചനം എങ്ങനെയാണ്.
അന്തരീക്ഷത്തിന്റെ നിലവിലെ അവസ്ഥ മനസിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനാണ് ഒബ്സർവേറ്ററികൾ ഉള്ളത്. ഇന്ത്യയിൽ പല തരത്തിലുള്ള ഒബ്സർവേറ്ററികളുണ്ട്. സർഫസ് ഒബ്സർവേറ്ററികൾ ചെയ്യുന്നത് ഗ്രൗണ്ട് ലെവലിലുള്ള നിരീക്ഷണമാണ്. ഇതിനൊപ്പം നിരീക്ഷണ ഉപകരണങ്ങൾ ബലൂണിൽ കെട്ടിയുയർത്തി അന്തരീക്ഷത്തിന്റെ പല തട്ടുകളിൽ നിരീക്ഷണം നടത്തും. ചെന്നെത്തുന്ന സ്ഥലത്തു നിന്നുള്ള മുഴുവൻ വിവരങ്ങളും ഇത് ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയയ്ക്കും.
ഇതിനൊപ്പം റഡാർ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കും. സമുദ്ര മേഖലകളിൽ നിരീക്ഷണത്തിന് വേറെ കേന്ദ്രങ്ങളുണ്ട്. ഇതിനൊപ്പം ചരക്കു കപ്പലുകളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കും. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ച് ഒരു ചാർട്ട് തയ്യാറാക്കുന്നു. ഇതുപയോഗിച്ചാണ് കാലാവസ്ഥ പ്രവചിച്ചിരുന്നത്. കംപ്യൂട്ടറുകൾ വരുന്നതിനു മുമ്പ് പിന്തുടർന്നിരുന്ന രീതിയാണ് ഇത്. അന്നൊക്കെ അഞ്ചോ ആറോ ദിവസം വരെയുള്ള കാലാവസ്ഥ പ്രവചിക്കാനേ സാധിക്കുമായിരുന്നുള്ളൂ. ഇന്നിപ്പോൾ അത്യാധുനിക കംപ്യൂട്ടർ സംവിധാനങ്ങൾ വന്നതോടെ വിവിധ ഒബ്സർവേറ്ററികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കംപ്യൂട്ടർ പ്രോഗ്രാമാണ് വിശകലനം ചെയ്യുന്നത്. അപ്പോൾ പല സമയങ്ങളിലുമുള്ള കാലാവസ്ഥ പ്രവചിക്കാൻ സാധിക്കും.
കേരളത്തിൽ നൽകുന്ന മുന്നറിയിപ്പുകൾ എങ്ങനെയാണ്.
ഇപ്പോൾ കേരളത്തിൽ അടുത്ത ഏഴു ദിവസത്തെ കാലാവസ്ഥാ പ്രവചനം നൽകാറുണ്ട്. ഇതിനെ 'ഷോർട്ട് ടു മീഡിയം റേഞ്ച്" എന്നാണ് പറയുക. ഇതിനൊപ്പം ഓരോ സീസൺ അനുസരിച്ച് കാലാവസ്ഥ മൂന്നു മാസത്തേക്കു വരെ പ്രവചിക്കാൻ കഴിയും. ഇതിനെ 'സീസണൽ റേഞ്ച്" എന്നാണ് പറയുക. പിന്നെ മൺസൂൺ പോലെയുള്ള സാഹചര്യത്തിൽ നൽകുന്ന 'ലോംഗ് റേഞ്ച്" പ്രവചനങ്ങൾ. ഇതിനൊക്കെ പുറമേ, അടുത്ത മൂന്നു മണിക്കൂർ നേരത്തേക്കു മാത്രം നൽകുന്ന 'നൗ കാസ്റ്റ്" എന്നൊരു കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവുമുണ്ട്.
ചുഴലിക്കാറ്റുകളുടെ പ്രവചനം...
ചുഴലിക്കാറ്റുകളുടെ ചരിത്രം പരിശോധിച്ചാൽ അത് മനസിലാക്കാനാകും. അതിനെ മാത്രം ഒരു പ്രതിഭാസമായാണ് കണക്കാക്കുക. അതിന്റെ സഞ്ചാരപാത എങ്ങനെയായിരിക്കുമെന്നും, എവിടെ എത്തിച്ചേരുമെന്നും കൃത്യമായി കണക്കുകൂട്ടാൻ സാധിക്കും. ഏഴു ദിവസം മുമ്പെങ്കിലും സൂചനകളും മുന്നറിയിപ്പും നൽകാനാകും. ചുഴലിക്കാറ്റ് കര തൊടുന്നത് എവിടെയായിരിക്കുമെന്ന് അഞ്ചു ദിവസം മുമ്പുതന്നെ പ്രവചിക്കാനും സാധിക്കും. ചുഴലിക്കാറ്രുകളുടെ സഞ്ചാരപാത നിയന്ത്രിക്കുന്നത് അന്തരീക്ഷത്തിലെ ഉയർന്ന തട്ടിലുള്ള കാറ്റാണ്. എങ്കിലും, ചില ചുഴലിക്കാറ്റുകൾ വളഞ്ഞുപുളഞ്ഞായിരിക്കും സഞ്ചരിക്കുക. സമുദ്രത്തിന്റെ അവസ്ഥ നോക്കി, ഇത്തരം ചുഴലിക്കാറ്രുകൾ കരയിലേക്ക് എത്തുമോ, കടലിൽ വച്ചുതന്നെ ദുർബലമാകുമോ എന്നൊക്കെ മനസിലാക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |