ഹോങ്കോങ്:കുറ്റവാളികളെ വിചാരണയ്‌ക്കായി ചൈനയ്‌ക്ക് കൈമാറാനുള്ള ബില്ലിനെതിരെ മൂന്ന് മാസം മുൻപ് ഹോങ്കോങ്ങിൽ തുടങ്ങിയ ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭം പുതിയ ആവശ്യങ്ങളുമായി ശക്തമാകുന്നു.
ഇന്നലെ കോരിച്ചൊരിഞ്ഞ മഴ വകവയ്‌ക്കാതെ ഒരുലക്ഷത്തോളം പേരാണ് തെരുവുകളിൽ ചൈനീസ് അനുകൂല ഗവൺമെന്റിനെതിരെ പ്രകടനം നടത്തിയത്. കഴിഞ്ഞയാഴ്ച ആയിരത്തോളം വിമാന സർവീസുകൾ റദ്ദാക്കി ഹോങ്കോങ്ങ് വിമാനത്താവളം സ്‌തംഭിപ്പിച്ച പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു ഇത്.
പ്രക്ഷോഭത്തെ തുടർന്ന് കുറ്റവാളികളെ കൈമാറാനുള്ള ബിൽ മരവിപ്പിച്ചെങ്കിലും ഹോങ്കോങ്ങിലെ ഭരണാധികാരി കാരിലാമിന്റെ സർക്കാർ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഹോങ്കോങ്ങിന് സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മദ്രാവാക്യങ്ങളാണ് ഉയരുന്നത്.
ബ്രിട്ടീഷ് കോളണിയായിരുന്ന ഹോങ്കോങ്ങ് 1997ൽ ചൈനയ്‌ക്ക് തിരിച്ചു നൽകിയതാണ്. ചൈനയുടെ പരമോന്നത നേതാവായിരുന്ന ഡെങ്സിയാവോ പിങിന്റെ "ഒരു രാജ്യം ( ചൈന ), രണ്ട് ഭരണ സമ്പ്രദായം '' എന്ന തത്വം അനുസരിച്ച് ഹോങ്കോങ്ങിന് 50 വർഷത്തേക്ക് ചില കാര്യങ്ങളിൽ സ്വാതന്ത്ര്യം അുവദിച്ചിട്ടുണ്ട്. ചൈനയുടെ പ്രത്യേക ഭരണ മേഖലയായിരിക്കുമ്പോഴും ഹോങ്കോങ്ങിന് 156 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് കിട്ടിയ മുതലാളിത്ത സമ്പദ് വ്യവസ്ഥയും സ്വന്തം കറൻസിയും ( ഹോങ്കോങ്ങ് ഡോളർ ) നിയമ വ്യവസ്ഥയും നിയമനിർമ്മാണ സഭയും, ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യവുമൊക്കെ 2047 വരെ തുടരാം. ഹോങ്കോങ് ഡോളർ ചൈനയിലും ചൈനീസ് കറൻസിയായ റെൻമിൻബി ( അടിസ്ഥാന യൂണിറ്റ് യുവാൻ ) ഹോങ്കോങ്ങിലും സ്വീകാര്യമല്ല. അതിർത്തി കടക്കാൻ വിസ വേണം. ഹോങ്കോങ്ങ് ജനതയ്‌ക്ക് ചൈനീസ് പാസ്പോർട്ടിനേക്കാൾ ഹോങ്കോങ് പാസ്പോർട്ടാണുള്ളത്. ഹോങ്കോങ്ങിലെ ഒദ്യോഗിക ഭാഷ ഇംഗ്ലീഷും ചൈനയുടേത് മൻഡാരിനും ആണ്. അൻപത് വർഷം കഴിയുമ്പോൾ ഇത്തരം സ്വാതന്ത്ര്യങ്ങളെല്ലാം നഷ്‌ടപ്പെടുമെന്നാണ് ഹോങ്കോങ്ങിലെ ഇപ്പോഴത്തെ യുവ തലമുറയുടെ ആശങ്ക. പ്രക്ഷോഭകരിൽ വലിയൊരു വിഭാഗവും ഇക്കൂട്ടരാണ്.
അതേസമയം, ശനിയാഴ്ച നടന്ന സർക്കാർ അനുകൂല പ്രകടനത്തിൽ ഒരു ലക്ഷത്തിലേറെ പേർ പങ്കെടുത്തെന്നാണ് പൊലീസിന്റെ കണക്ക്.
കമ്മ്യൂണിസ്റ്റ് ചൈന ( പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈന ) സ്ഥാപിതമായതിന്റെ എഴുപതാം വാർഷികം ഒക്ടോബർ 1ന് ആഘോഷിക്കാനിരിക്കെ, ഹോങ്കോങ്ങിലെ പ്രക്ഷോഭം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |