#കേന്ദ്രവും സംസ്ഥാനവും
കൃത്യം തുക പറയണം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ കാര്യത്തിൽ കണക്കുകൾകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ചെലവഴിക്കാൻ കേന്ദ്രം ഉപാധിവയ്ക്കുകയും അതുപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ തുക ചെലവഴിക്കാൻ താങ്കേതിക തടസമുണ്ടെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതി കർശന നിലപാടെടുത്തത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫിനാൻസ് ഓഫീസറോട് കണക്കിൽ വ്യക്തത വരുത്താനായി ഇന്ന് ഹാജരാകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷൻബെഞ്ച് ആവശ്യപ്പെട്ടു.
അടിയന്തര സഹായമായി ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 153.467 കോടി രൂപയുടെ സഹായം നൽകാൻ തീരുമാനിച്ചതായി കേന്ദ്രം പറയുമ്പോൾത്തന്നെ ഇത് ഉപയോഗിക്കുന്നതിൽ ഉപാധിവച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്.ഡി.ആർ.എഫ്) 782.99 കോടി രൂപയുണ്ടെന്നും അതിന്റെ പാതിയെങ്കിലും വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിച്ചാലേ അടിയന്തര സഹായമായി അനുവദിച്ച 153 കോടിരൂപ വിനിയോഗിക്കാനാകൂ എന്നതാണ് ഉപാധി.
എസ്.ഡി.ആർ.എഫിലെ തുക വിനിയോഗിക്കാൻ സാങ്കേതിക തടസങ്ങളാണ് സംസ്ഥാനം പറയുന്നത്. നടപടിക്രമങ്ങളുടെ പേരിൽ മറ്റൊരു ദുരന്തം ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വായുസേനയുടെ ബിൽ സംസ്ഥാനം ആദ്യം നൽകണമെന്നും പിന്നീട് അത് തിരിച്ചുകിട്ടുമെന്നുമാണ് കേന്ദ്രം വിശദീകരിച്ചത്. പണം നേരിട്ട് നൽകുന്നതും റീ ഇംപേഴ്‌സ് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.ദുരന്തമുണ്ടാകുമ്പോൾ സഹായം നേരിട്ട് കൊടുക്കാൻ കഴിയുമോയെന്ന് അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
എത്ര കൊടുത്തു, എത്ര ചെലവാക്കും? കോടതിക്ക് ഇന്ന് അറിയണം
ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ചെലവഴിക്കാൻ കഴിയുന്ന എത്രരൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുണ്ടെന്ന് (എസ്.ഡി.ആർ.എഫ്) സംസ്ഥാന സർക്കാരും എത്രരൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രവും ഇന്ന് കൃത്യമായി പറയണം.
പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും അനുവദിച്ച തുകയെത്ര, അത് വിനിയോഗിക്കാൻ അനുവദിച്ചിട്ടുണ്ടോ എന്നതിലാണ് കേന്ദ്രം വ്യക്തതവരുത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |