തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന പുഷ്പ 2 തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. രക്തചന്ദനം കടത്തി വളരെ പെട്ടെന്ന് കോടീശ്വരനാകുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. കാട്ടിൽ നിന്ന് അതിസാഹസികമായി രക്തചന്ദനം മുറിച്ചു കടത്തി വിദേശത്ത് കയറ്റി അയയ്ക്കുന്നതാണ് ചിത്രത്തിലുടനീളം പറയുന്നത്. ചിത്രം കണ്ടതോട പലർക്കുള്ള സംശയം ഈ രക്തചന്ദനത്തിന് ഇത്രയേറെ ആവശ്യക്കാറുണ്ടോ എന്നാണ്. മാത്രമല്ല, ഇത്രയധികം വില ഈ രക്തചന്ദനത്തിന് ലഭിക്കുമോ എന്നത് മറ്റൊരു ചോദ്യമാണ്. ശരിക്കും എന്താണ് ഈ രക്ത ചന്ദനം?
എന്താണ് രക്തചന്ദനം?
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന അപൂർവമായ വൃക്ഷമാണ് രക്തചന്ദനം അഥവാ ചുവന്ന ചന്ദനം. അനുയോജ്യമായ സസ്യങ്ങളും കാലാവസ്ഥയും അതിന്റെ വളർച്ചയ്ക്ക് പ്രദാനം ചെയ്യുന്നു. ഉഷ്ണമേഖല കലാവസ്ഥകളിലാണ് രക്തചന്ദനം കൂടുതലായും വളരുന്നത്. രക്തചന്ദനത്തിന്റെ തടി സമ്പന്നമായ, കടും ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. ഇത് ഉയർന്ന നിലവാരമുള്ള ഫർണിച്ചറുകൾ, കൊത്തുപണികൾ, അലങ്കാര വസ്തുക്കൾ എന്നിവയ്ക്ക് വൻ ഡിമാൻഡുള്ള വസ്തുവായി മാറുന്നു.
കോടികൾ ലഭിക്കുമോ?
രക്തചന്ദനത്തിന്റെ വില നിശ്ചയിക്കുന്നത് ഒരുപാട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. മരത്തിന്റെ ഗുണനിലവാരം, ആവശ്യം, അപൂർവത എന്നിവ അടിസ്ഥാനമാക്കിയാണ് വില തീരുമാനിക്കുന്നത്. ഒരു കിലോയ്ക്ക് ശരാശരി 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. പ്രീമിയം ക്വാളിറ്റിയിലുള്ള തടിയാണെങ്കിൽ ഒരു കിലോയ്ക്ക് രണ്ട് ലക്ഷം രൂപ വരെ ലഭിച്ചേക്കാം. ഇതിന്റെ ദൗർലഭ്യവും സംസ്‌കരണത്തിനും എടുക്കുന്ന ബുദ്ധിമുട്ടാണ് ഇത്ര വില ലഭിക്കാൻ കാരണമാകുന്നത്.
മരുന്നിന് ഉപയോഗിക്കാമോ?
സാന്തലോൾ പോലുള്ള ഗുണം ചെയ്യുന്ന സംയുക്തങ്ങളുടെ സമ്പന്നത കാരണം, രക്തചന്ദനം പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ കാലങ്ങളായി വിലമതിക്കുന്ന ഒന്നാണ്. ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ഒന്നാണിത്. സന്ധിവാതം, ചർമ്മ അണുബാധകൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക്ക് ഗുണങ്ങൾ മുറിവുകൾ ഉണക്കുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കുന്നു.
ചർമ്മ സംരക്ഷണത്തിന് കൂടുതൽ പേരും രക്തചന്ദനം ഉപയോഗിക്കുന്നുണ്ട്. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു, എക്സിമ എന്നിവ ചികിത്സിക്കുന്നതിനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തചന്ദനം സഹായിക്കുന്നു. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും രക്തചന്ദനത്തിന്റെ ലഭ്യത വളരെ കുറച്ച് മാത്രമാണ്.
പുറത്തുവരുന്ന ചില കണക്കുകളുടെ അടിസ്ഥാനത്തിൽ 2016 മുതൽ 2020 വരെ 20,000 ടൺ രക്തചന്ദനമാണ് ഇന്ത്യയിൽ നിന്നും അനധികൃതമായി കടത്തിയത്. അതിന്റെ കള്ളക്കടത്ത് ശൃംഖല വളരെ സംഘടിതമാണ്, ഇതിൽ ധാരാളം കുറ്റവാളികൾ ഉൾപ്പെടുന്നുണ്ട്. കള്ളക്കടത്ത് തടയുന്നതിന് പ്രത്യേക എൻഫോഴ്സ്‌മെന്റ് ഫോഴ്സ് ഉൾപ്പെടെ നിരവധി സംവിധാനങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |