
ഇറാന്റെ പുതിയ പരമോന്നത നേതാവിനെ പുരോഹിത സമിതിയായ അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബാ ഖമനേയി തന്നെയാകാം പിൻഗാമിയെന്ന് അഭ്യൂഹം. ആദ്യത്തെ പരമോന്നത നേതാവായ റുഹൊള്ള ഖമനേയിയുടെ ചെറുമകൻ ഹസൻ ഖമനേയി, ഉന്നത മതപണ്ഡിതൻ അയത്തൊള്ള അലിറേസ അറാഫി, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങിയവരുടെ പേരുകളും സാദ്ധ്യതാ പട്ടികയിലേക്ക് ഉയർന്നിരുന്നു. എന്നാൽ ഒടുവിൽ ആ സ്ഥാനം മൊജ്തബാ ഖമനേയിയിലേക്ക് എത്തുകായിരുന്നു എന്നാണ് വിവരം.
ആരാണ് മുജ്തബ ഖമനേയി?
17-ാം വയസ്സിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ ചേർന്ന അദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. സൈന്യത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. ഷിയാ മുസ്ലീം വിഭാഗത്തിന്റെ പ്രധാന കേന്ദ്രമായ ഖൂമിലെ സെമിനാരിയിൽ നിന്ന് മതപഠനം പൂർത്തിയാക്കി. ഇത് ഇറാന്റെ മതപരമായ നേതൃസ്ഥാനത്തേക്ക് വരാൻ അദ്ദേഹത്തിന് അർഹത നൽകുന്നു. ഔദ്യോഗിക പദവികൾ ഒന്നുമില്ലെങ്കിലും, പിതാവിന്റെ ഓഫീസിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ മുജ്തബയ്ക്ക് വലിയ പങ്കുണ്ട്. 2005-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന വിവിധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും ഇദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ശതകോടികളുടെ ആസ്തിയും നിഗൂഢതയും
മുജ്തബ ഖമനേയിക്ക് ലോകമെമ്പാടും കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വിസ് ബാങ്ക് അക്കൗണ്ടുകൾക്ക് പുറമെ ജർമ്മനി, സ്പെയിൻ എന്നിവിടങ്ങളിൽ ഹോട്ടലുകളും ബിസിനസ് സംരംഭങ്ങളും ഇദ്ദേഹത്തിനുണ്ടെന്ന് കരുതപ്പെടുന്നു. ശതകോടീശ്വരന്മാർ താമസിക്കുന്ന ലണ്ടനിലെ ബിഷപ്പ് അവന്യൂവിൽ മുജ്തബയ്ക്ക് സ്വന്തമായി വസതികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 138 മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വീട് ഇതിൽ ഉൾപ്പെടുന്നെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലും വടക്കേ അമേരിക്കയിലുമായി വ്യാപിച്ചുകിടക്കുന്ന വലിയൊരു സാമ്പത്തിക ശൃംഖലയെ അദ്ദേഹം നിയന്ത്രിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?
ഖമനയിയുടെ കടുത്ത നിലപാടുകൾ തുടരുന്ന ഒരാൾ അധികാരത്തിൽ വരുന്നത് പാശ്ചാത്യ രാജ്യങ്ങൾക്കും ഇസ്രയേലിനും ഭീഷണിയാണ്. പ്രത്യേകിച്ച് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി മുജ്തബയ്ക്കുള്ള അടുത്ത ബന്ധം പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളിൽ മാറ്റമുണ്ടാക്കിയേക്കാം. ഇറാനിൽ പരമോന്നത നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത് 'അസംബ്ലി ഓഫ് എക്സ്പെർട്സ്' വഴിയാണ്. 88 അംഗങ്ങളാണ് അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സിലുള്ളത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന മതപണ്ഡിതന്മാരുടെ സഭയാണിത്. 37 വർഷം ഇറാനെ നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28ന് ഇസ്രയേലും യു.എസും ചേർന്ന് വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത് വിപ്ലവാനന്തര ഇറാന്റെ ചരിത്രത്തിൽ ആദ്യമായാകും. ഇത് രാജ്യത്തിനകത്ത് പ്രതിഷേധങ്ങൾക്ക് കാരണമാകുമോ എന്നതും കണ്ടറിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |