*'കറുത്തമ്മ പോയാൽ,ഈ കടാപ്പുറത്തിരുന്ന്, ഞാൻ ഒറച്ച് പാടും,...
*ഞാനാ പാട്ട് അങ്ങ് തൃക്കുന്നപ്പുഴ ഇരുന്ന് കേൾക്കും..
*അങ്ങനെ പാടി പാടി തൊണ്ടപൊട്ടി ഞാനങ്ങു ചാവും...
കറുത്തമ്മയാണോ പരീക്കുട്ടിയാണോ ഏറ്റവുമധികം സ്നേഹിച്ചതെന്ന ചോദ്യത്തിന് നീർക്കുന്നം കടപ്പുറത്തെ മിത്തുകളോളം തന്നെ നിഗൂഢതകളുണ്ട്. കെട്ടുകഥകളുടെ വലയിൽ അകപ്പെട്ട ചെമ്മീൻ എന്ന നോവലിലെ കറുത്തമ്മയ്ക്ക് പളനിയോടൊപ്പം ജീവിക്കുമ്പോഴും പരീക്കുട്ടിയെ മറക്കാനാവുന്നില്ല. സ്നേഹത്തിനപ്പുറം താൻ കാരണം ഒരാൾ നശിച്ചതിലുള്ള കുറ്റബോധം കറുത്തമ്മയെ വേദനിപ്പിക്കുമ്പോൾ, നഷ്ടപ്രണയത്തിന്റെ മുഗ്ധസ്മരണകളിൽ ശിഷ്ടകാലം ജീവിക്കാൻ പരീക്കുട്ടിയും തീരുമാനിക്കുന്നു. പ്രണയത്തിന്റെയും തീവ്രവികാരങ്ങളുടെയും വേലിയേറ്റം നിറഞ്ഞ കാലം! സ്വന്തമെന്ന് കരുതിയിട്ടും അന്യയായി മാറിയവളെ 'മാനസ മൈനേ..' എന്ന് നെഞ്ചുപൊട്ടി വിളിച്ച കാമുകന്മാരുടെ കാലം! ഓമലാൾക്കായി തങ്കക്കിനാക്കൾ കൊണ്ട് താജ്മഹൽ പണിയുമെന്ന് പാടിയവരുടെ കാലം !
ഇതിനിടിയ്ക്ക് എപ്പോഴാണ് പ്രണയത്തിന്റെ വ്യാഖ്യാനങ്ങൾ മാറിയത്? കാത്തിരിപ്പും ആത്മാർത്ഥതയും ത്യാഗവും ഔട്ട്ഡേറ്റഡ് ആയത്? എങ്ങനെയാണ് പ്രണയത്തിന്റെ നിഘണ്ടുവിൽ 'ഫോർ എവർ' എന്ന വാക്ക് പുറന്തള്ളപ്പെട്ടത്?
ന്യൂജൻ പദാവലി...
1995ന് ശേഷം ജനിച്ച 'ജെൻ ഇസഡ്' കിഡ്സുകളുടെ 'പ്രണയ പദാവലി' ബഹുരസമാണ്. നിഷ്കളങ്കത പടിക്കൽ വച്ചിട്ടാവണം ഇത് വായിക്കാൻ. നന്നായി സംസാരിച്ചുകൊണ്ടിരുന്ന, പ്രണയിച്ചിരുന്ന ഒരാളോട് പെട്ടെന്ന് ഒരുദിവസം മുതൽ കാരണമൊന്നും പറയാതെ മിണ്ടാതെയാകുക. മറ്റേ ആൾ എത്രയൊക്കെ മിണ്ടാൻ ശ്രമിച്ചാലും മുഖം തിരിക്കുക. ദേ വന്ന് ദാ പോകുന്ന പ്രേതത്തെപ്പോലെ അപ്രത്യക്ഷമാകുന്നതിനാലാവാം, ജെൻ ഇസഡ് പിള്ളേർക്ക് ഇത് 'ഗോസ്റ്റിംഗ്' ആണ്. ഒരാളെ തന്റെ വരുതിയിലാക്കാൻ വ്യാജ ഓൺലൈൻ പ്രൊഫൈൽ സൃഷ്ടിച്ച് ചാറ്റ് ചെയ്യുന്നതാണ് 'കാറ്റ്ഫിഷിംഗ്'. സുഹൃത്തിന്റെയും കാമുകിയുടെയും അതിർവരമ്പിലാണ് സിറ്റുവേഷൻഷിപ്പിന്റെ ഇടം. ഉണ്ടോ, ഇല്ലെ എന്ന് അവർക്ക് പോലും ധാരണയില്ലാത്ത ബന്ധമാണത്. സ്നേഹം കൊണ്ട് പങ്കാളികളെ വീർപ്പുമുട്ടിക്കുന്നതാണ് 'ലവ് ബോംബിംഗ്' എങ്കിൽ പ്രണയം പുറത്തറിയാതെ മറച്ചുവയ്ക്കുന്നതാണ് 'പോക്കറ്റിംഗ്'.
ആഴമില്ലാത്ത ഇടം...
ന്യൂജൻ കാലത്തെ ഇത്തരം ബന്ധങ്ങൾക്ക് നീർക്കുമിളയുടെ ആയുസ് പോലും കാണില്ല. സ്നേഹത്തിന്റെ അനേകായിരം അർത്ഥതലങ്ങൾ കാണിച്ച് തന്ന മഹാരഥന്മാർ പിറന്ന ഭൂമിയിൽ നിന്നകന്ന് മറ്റേതോ 'പാരലൽ വേൾഡിലാകും' ഇവർ ജീവിക്കുന്നത്. വിട്ടുകൊടുക്കുന്നത്... സ്വന്തം സന്തോഷത്തെക്കാൾ പങ്കാളിയുടെ സന്തോഷത്തിന് വില നൽകുന്നത്.. അവസാനശ്വാസം വരെ ഒരാളെ മനസിലോർത്ത് ജീവിക്കുന്നത്... ഒന്നിന് പകരം മറ്റൊന്നിനെ സങ്കല്പിക്കാൻ പോലും സാധിക്കാത്തത്... അനശ്വരമായത്...എത്രയെത്ര തലങ്ങളായിരുന്നു പ്രണയത്തിന്? ബന്ധത്തിൽ ഒരാൾ 'ഗോസ്റ്റ്' ആകുമ്പോൾ തകർന്നുപോകുന്നത് ആത്മാർത്ഥമായി സ്നേഹിച്ചയാളാണ്. മാനസികമായും ശാരീരികമായും ഇത് അയാളെ ബാധിക്കും. ആളുകളെ വിശ്വസിക്കാൻ ഭയക്കും. ആത്മാർത്ഥ സ്നേഹത്തെപ്പോലും സംശയത്തോടെ നോക്കും. തന്റെ കുഴപ്പം കാരണമാണ് മറ്റേയാൾ പോയതെന്ന് ചിന്തിക്കും. ജീവിതത്തിൽ ഒരുതരം നിർവികാരതയും അപകർഷതാബോധവും കടന്നുകൂടും.
മാറിയ ചിന്തകൾ
എന്തുകൊണ്ടാണ് ഇത്തരം ശിഥിലബന്ധങ്ങൾ ഉടലെടുക്കുന്നത്? ജീവിതത്തിൽ ഒരിക്കലും അംഗീകരിക്കപ്പെടാത്തവരും സ്നേഹിക്കപ്പെടാത്തവരുമാണ് ഇതിൽ പെടുന്നവരിലധികവും. പദ്മരാജന്റെ തൂവാനത്തുമ്പികളിൽ ഭ്രാന്തന്റെ കാലിലെ മുറിവാകാനാണ് ക്ലാര ആഗ്രഹിക്കുന്നത്. ഒരൊറ്റ ചങ്ങലയുമായി മാത്രം ബന്ധമുള്ള മുറിവ് ! അത്രത്ര എളുപ്പമല്ല. ഒരു ബന്ധത്തിൽ ഇരിക്കെ മറ്റൊന്ന് തേടിപ്പോകുന്നവരും കൂടുവിട്ട് കൂടുമാറുന്നവരും എന്നോ നഷ്ടപ്പെട്ടതും ഒരിക്കലും ലഭിക്കാത്തതുമായ അംഗീകാരമാണ് ഓരോ മനുഷ്യനിലും തേടുന്നത്. അസ്ഥിസ്ഥ്വം വീണ്ടെടുക്കാനുള്ള ശ്രമമായും ഇതിനെ വ്യാഖ്യാനിക്കാം. സമൂഹജീവിയായ മനുഷ്യനെ മെരുക്കി, ഒതുക്കി ഇട്ടിരിക്കുന്ന ഒരു ചട്ടക്കൂടാണ് കുടുംബം. അതിനോട് താദാത്മ്യം പ്രാപിച്ചെങ്കിലും അന്തർലീനമായ ആസക്തികൾ ചിലപ്പോൾ തലപ്പൊക്കും. പണ്ടുള്ളവർ പഞ്ചപാവങ്ങളായിരുന്നു എന്നല്ല. സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുമോ എന്ന ഭയം അവരെ പിന്തിരിപ്പിച്ചു. എന്നാൽ, ഏത് കാര്യത്തിലും പുരോഗമനപരമായി ചിന്തിക്കുന്ന പുതിയ തലമുറ മറ്റുള്ളവർ എന്തു ചിന്തിച്ചാലും തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യും എന്ന ആത്മവിശ്വാസം കൈവരിച്ചിട്ടുണ്ട്. പരസ്പരബഹുമാനം ഇല്ലാതെ പോകുന്നതും പുതിയകാലത്തെ വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്നു.
ദാസ് എ റെഡ്ഫ്ലാഗ്
ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണയത്തിൽ പുതിയ തലമുറ അമ്പേ പരാജയമാണെന്ന് പറയാനാവില്ല. പ്രണയിക്കുമ്പോൾ അവർ കുറേക്കൂടി പ്രാക്ടിക്കൽ ആണെന്ന് മാത്രം. പങ്കാളിയുടെ അടിയും തൊഴിയും കൊണ്ട് വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനിൽ കുട്ടികൾക്ക് വേണ്ടി മാത്രം തൂങ്ങിക്കിടക്കാൻ അവർ തയാറാവില്ല. സംശയരോഗം മുതൽ വ്യക്തിസ്വാതന്ത്ര്യത്തിൽ ഉള്ള കടന്നുകയറ്റത്തെ വരെ റെഡ് ഫ്ലാഗ് എന്ന് ഉറക്കെ വിളിച്ച് പറയാനുള്ള ആർജവം അവർക്കുണ്ട്. 'സെൽഫ് ലൗ' എന്ന ദിവ്യൗഷധം ആവോളം നുകർന്നത് അവർക്ക് നേട്ടമാണ്. പ്രണയത്തിനായി ജീവൻ ത്യജിക്കുന്നതിന് മുൻപ് രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനുള്ള മാർഗം അവർ തിരയും. കാലഘട്ടമല്ല പ്രണയത്തിന്റെ അളവുകോൽ എന്ന നിഗമനത്തിലെത്തുന്നതാണ് ശരി. അല്ലെങ്കിൽ തന്നെ, പത്തുപവന്റെ മാല സമ്മാനിച്ച തട്ടാൻ ഭാസ്കരനെ പത്ത് സെക്കൻഡിൽ മറന്ന 'പൊൻമുട്ടയിടുന്ന താറാവിലെ' സ്നേഹലത ന്യൂജൻ കിഡ് ആയിരുന്നില്ലല്ലോ.
എങ്ങനെ പ്രണയിക്കണം?
പ്രണയത്തിന് മൗലികമായൊരു മാനിഫെസ്റ്റോ ഇല്ല. കലിപ്പൻ-കാന്താരി ലൗ സ്റ്റോറികൾ കേട്ട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരെ വസന്തങ്ങളെന്നും തൊണ്ണൂറുകളിലെ പ്രണയത്തെ ക്രിഞ്ചെന്ന് പറയുന്നവരെ പാൽക്കുപ്പികളെന്നും വിളിക്കാനും സാധിക്കില്ല. കാലമെത്ര പുരോഗമിച്ചാലും അടിസ്ഥാനപരമായി സ്നേഹബന്ധങ്ങളിൽ പാലിക്കേണ്ട ചില മര്യാദകളുണ്ട്. പുരോഗമനത്തിന്റെയും പക്വതക്കുറവിന്റെയും പേരിൽ നമ്മൾ കാരണം മറ്റൊരാൾ വേദനിക്കാനിടയാകുന്നത് അംഗീകരിക്കാനാവില്ല. പരസ്പര ബഹുമാനത്തിനൊപ്പം തുറന്ന സംഭാഷണങ്ങളും ആവശ്യമാണ്. എന്നാൽ, ഒരിക്കലും ഒത്തുപോകില്ലെന്ന് ഉറപ്പുള്ള രണ്ട് പേർ കടമകളുടെ പേരിൽ മാത്രം ആജീവനാന്തം ഒന്നിച്ചു ജീവിക്കുന്നതിനെക്കാൾ ഭീകരമായ മറ്റൊരു അവസ്ഥയില്ല. അവർ സൗഹൃദപൂർവം സ്വതന്ത്രരാകണം. പ്രണയത്തോളം സുന്ദരവും അനന്തവുമാണ് ലോകം.... സ്നേഹമാണഖില സാരമൂഴിയിൽ എന്നാണല്ലോ....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |