SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.46 PM IST

''നീ ആരോടും പറയേണ്ട ദിലീപിന്റെ കല്യാണം നടക്കുന്നു, അതീവരഹസ്യമാണ് ''

Increase Font Size Decrease Font Size Print Page
dileep-manju-varier

വർഷങ്ങൾക്ക് മുമ്പ് ദിലീപിന്റെയും മഞ്ജുവാര്യരുടേയും വിവാഹത്തോടനുബന്ധിച്ച് നടന്ന ചില കാര്യങ്ങൾ പങ്കുവയ്‌ക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. ഇരുവരുടെയും വിവാഹദിവസത്തിൽ സാക്ഷിയാകാൻ കിട്ടിയ മുഹൂർത്തത്തെ കുറിച്ചാണ് കണ്ണൻ വിവരിക്കുന്നത്. തന്റെ കലാചരിത്രത്തിലെ തന്നെ ഏടായി മാറിയ ദിലീപ്-മഞ്ജുവാര്യർ വിവാഹത്തിലെ അപൂർവ ചിത്രവും അദ്ദേഹം പങ്കുവച്ചു.

കണ്ണൻ സാഗറിന്റെ വാക്കുകൾ-

''ആലുവ ടാസ്സ് ഓടിടോറിയത്തിൽ സ്റ്റേജ് ഷോകളിൽ ഒരു പുതിയ അദ്ധ്യായത്തിന് തിരിതെളിച്ച് ‘അവയ് ഷണ്മുഖൺ’ എന്ന കോമഡി ഡ്രാമ കൊച്ചിൻ സാഗറിന്റെ ബാനറിൽ റിഹേഴ്സൽ ക്യാംമ്പ് നടക്കുന്ന സമയം. ഒരുദിനം രാവിലെ ഓഡിറ്റോറിയത്തിന് കുറച്ചുമാറിയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒരു വിവാഹം നടക്കുന്നു. ഒരു എത്തും പിടിയും കിട്ടുന്നില്ല. ആരുടെ കല്യാണമാണ് അവിടെ എന്നറിയാനുള്ള ആകാംഷ കൂടി. ഇടുക്കി രാജൻ മാഷ് (കലാഭവൻ രാജൻ ഇടുക്കി) ഒരുങ്ങുന്നു. എന്റെ ഓർമ്മയിൽ രാവിലെ ഏഴുമണിക്ക് മുൻപാണ് ഒരുക്കം. എന്താ മാഷേ എങ്ങോട്ടാ രാവിലെ എന്ന് ഞാൻ ചോദിച്ചു. നീ ആരോടും പറയേണ്ട ദിലീപിന്റെ കല്യാണം നടക്കുന്നു അതീവരഹസ്യമാണ്. അബിയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞങ്ങൾ ഒന്നിച്ചു സഹകരിച്ചവരാ. അറിഞ്ഞ സ്ഥിതിക്ക് അവിടെവരെ പോകുവാ. ആളും പേരും ഒക്കെ കുറവായിരിക്കും. പത്രക്കാരു പോലും അറിഞ്ഞിട്ടില്ല. എനിക്കും കൗതുകം കൂടി. ആരായിരിക്കും വധു? അന്നേരം മാഷ് പറഞ്ഞത് സല്ലാപത്തിലെ നായിക മഞ്ജുവാര്യരാ വധു. ഞാനും ഞെട്ടി. ധൃതിയിൽ മാഷ് നടന്നുപോയി. രാത്രി മുഴുവൻ റിഹേഴ്സൽ കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്നതുകൊണ്ട് എഴുന്നേറ്റ പാടെയാ ഇതൊക്കെ നടക്കുന്നത്. മാഷേ ഞാനും വരട്ടെയെന്നു പറഞ്ഞാൽ ചെല്ലാൻ പറയും. പക്ഷേ ഞാൻ ഒന്നേന്ന് തുടങ്ങണം, ഒരുങ്ങണം. അപ്പോഴേക്കും കല്യാണം കഴിച്ചവർ ദൂരങ്ങൾ താണ്ടിയിരിക്കും.

മാഷ് വന്ന് കല്യാണവിശേഷങ്ങൾ പറഞ്ഞു. പത്തുപേരിൽ താഴയേ ആളുകൾ ഉണ്ടായിരുന്നുള്ളൂ. നാദിർഷാ ഉണ്ടായിരുന്നു. പിന്നെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾ ആരൊക്കെയോ വന്നിരുന്നു. ക്ഷേത്രനടയിൽ താലികെട്ടി. അന്നേരമേ അവർ അവിടുന്ന് പോയി. ഞാൻ പോരുമ്പോൾ പത്രക്കാരു കേട്ടറിഞ്ഞു വന്നുകൊണ്ടിരുന്നു. പോകാഞ്ഞതിൽ എനിക്ക് നിരാശ തോന്നി. ‘ഛേ, നേരത്തേ അറിഞ്ഞിരുന്നെങ്കിൽ പോകാമായിരുന്നു’.

അബിയിക്കായുടെ വീട്ടിൽ അന്ന് പ്രോഗ്രാമിന് പോകാൻ എല്ലാവരും ഒത്തുകൂടിയ സമയം ഒരു കാർവന്നുനിന്നു. അതിൽനിന്നും ആ വധൂവരന്മാർ ഇറങ്ങി വന്നു. അത്ഭുതവും ആവേശവും അലയടിച്ച നിമിഷം. കുറേനേരം അവിടെ ചിലവഴിച്ചു. ചായയും ഒക്കെ കുടിച്ചു ദിലീപേട്ടനും മഞ്ജുചേച്ചിയും ഞങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് രണ്ടുപേരും പോയി. അപ്പോഴും പത്രങ്ങളിൽ ഈ ദമ്പതികളെ കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരുന്നു.

ആ നിമിഷം പകർത്തിയ ഫോട്ടോയാണിത്. ദിലീപേട്ടനെ പിടിച്ചുകൊണ്ടു നിൽക്കുന്നതാണ് ഞാൻ. ഒരു സിനിമാതാരത്തെ തൊടുവാൻ കിട്ടിയ അവസരം ഞാൻ വിട്ടില്ല. അങ്ങ് പുറകിൽ നിൽക്കുന്ന ഞങ്ങളുടെ സൗണ്ട്എഞ്ചിനീയർ റോയ്മോൻ പാലായുടെ കയ്യിൽ ഇരിക്കുന്ന ആ കുഞ്ഞാണ് മലയാള സിനിമയുടെ യുവതാരം അബിയിക്കായുടെ ഓമനപുത്രൻ ഷെയ്ൻനിഗം. ഞങ്ങൾ നിലം തൊടാതെ താലോലിക്കുന്ന ചാനുകുട്ടൻ.


കാലങ്ങൾക്കിപ്പുറം ഓർമ്മകൾ പങ്കുവെക്കാൻ ഒരു ഫോട്ടോ യാദൃശ്ചികമായി കിട്ടി .വെറും കഥകളല്ല യാഥാർഥ്യങ്ങളുടെ കയ്യൊപ്പുകളാണ്. തെളിവോടെ കുറിക്കാൻ കിട്ടിയ ചിത്രങ്ങളാണ്. ചിത്രത്തിന് മിഴിവ് അൽപ്പം കുറഞ്ഞാലും എന്റെ കലാചരിത്രത്തിനു പറയാൻ ഇത് ധാരാളം.

TAGS: KANNAN SAGAR, DILEEP, MANJU WARRIER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY