തിരുവനന്തപുരം: നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാദ്ധ്യത സൃഷ്ടിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. ഉന്നത വിദ്യാഭ്യാസ വകുപ്പും ഐ.എച്ച്. ആർ.ഡിയും സംയുക്തമായി നടത്തുന്ന ത്രിദിന ജനറേറ്റീവ് എ.ഐ അന്താരാഷ്ട്ര കോൺക്ലേവിന്റെ ഭാഗമായി നടന്ന 'നിർമ്മിത ബുദ്ധിയും യുവജന ശാക്തീകരണവും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐയുടെ കടന്നുവരവ് തൊഴിലവസരം നഷ്ടപ്പെടുത്തുകയില്ല. എ.ഐ പഠിച്ചെടുത്താൽ ജോലിസാദ്ധ്യത വർദ്ധിക്കും. യുവജനങ്ങൾക്ക് ഇതുസംബന്ധിച്ച് ശരിയായ സമീപനമാണ് വേണ്ടതെന്നും പറഞ്ഞു. പി.എസ്.സി പരീക്ഷ എഴുതി ജോലി നേടുന്നവർ റിട്ടയർമെന്റുവരെ ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിൽ വിവര സാങ്കേതിക മേഖലയിലെ തൊഴിൽ സ്വഭാവം അനുദിനം മാറുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു.
നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ വികസിക്കുമ്പോൾ അകലങ്ങൾ കുറഞ്ഞുവരികയാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്‌ണ പറഞ്ഞു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ. അരുൺകുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |