കോഴിക്കോട്: കാർ ചേസിംഗ് റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് 20കാരൻ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ടുപേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ജീവനക്കാരൻ റയീസ് എന്നിവരുടെ ലൈസൻസുകളാണ് സസ്‌പെൻഡ് ചെയ്തത്. ഇവർക്ക് നോട്ടീസ് നൽകി. ഒരുവർഷത്തേയ്ക്കാണ് സസ്‌പെൻഷൻ. സംഭവത്തിൽ സാബിദ് റഹ്മാൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
വീഡിയോഗ്രാഫറായ കടമേരി വേളത്ത് താഴെ കുനി നെടുഞ്ചാലിൽ സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകൻ ടി.കെ.ആൽവിൻ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡിൽ പൊലീസ് സ്റ്റേഷന് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫൻഡർ, ബെൻസ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആൽവിൽ. ഇതിനിടെ അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആൽവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആൽവിനെ ഇടിച്ച കാറിന് നികുതി അടച്ചിട്ടില്ലെന്നും ഇൻഷുറൻസ് ഇല്ലെന്നും ആർടിഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഡ്രിവൺ ബൈ യു മൊബിലിറ്റി' എന്ന തെലങ്കാന കമ്പനിയുടെ ഉടമ അശ്വിൻ എന്നയാളുടെ പേരിലാണ് വാഹനമുള്ളത്. സാബിദ് ഇവരുടെ പക്കൽ നിന്ന് വാഹനം വാങ്ങിയെന്നാണ് കരുതുന്നത്. വണ്ടി കുറെക്കാലമായി കേരളത്തിൽ ഓടുന്നുണ്ട്. നിയമലംഘനത്തിന്റെ പേരിൽ ചലാൻ നൽകിയിട്ടുണ്ട്. കേരളത്തിൽ നികുതിയടച്ചതിന്റെ രേഖകൾ ഇല്ലാത്തതിനാൽ വാഹനം പിടിച്ചെടുക്കാമെന്നും ആർടിഒ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |