തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ഭാര്യ ലക്ഷ്മി. താനൊരു സാധാരണക്കാരിയാണെന്നും ഒരാൾക്ക് ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും അവർ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
തനിക്കൊന്നും നോക്കാനില്ലെന്നും ഭർത്താവിന്റെയും കുഞ്ഞിന്റെയും മുഖം മാത്രം ആലോചിച്ചാൽ മതിയെന്നും അവർ വ്യക്തമാക്കി. 'രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നത്. ഒന്ന് സിബിഐയുടെ രണ്ടാം ഘട്ട മൊഴിയെടുക്കലൊക്കെ കഴിഞ്ഞു. അതിന്റെ ഫൈനൽ സംഭവങ്ങളറിയില്ല. പിന്നെ വിവാദങ്ങൾ കെട്ടടങ്ങുന്നില്ലല്ലോ.
ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം ലീഗൽ റെക്കോർഡിലുള്ളതാണ്. പക്ഷേ ബാലുവിനെ സ്‌നേഹിക്കുന്നവർക്ക് ഞാനത് പറഞ്ഞ് കേൾക്കണമെന്ന് ആഗ്രഹമുണ്ട്. അവരുടെ മുന്നിലല്ലല്ലോ ഞാനത് പറഞ്ഞത്. ഇപ്പോൾ എനിക്ക് തോന്നി ഞാൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ പറയണമെന്ന്. ഞാൻ പറയുന്നത് എല്ലാവരും വിശ്വസിക്കില്ലെന്ന് എനിക്കറിയാം. വിവാദങ്ങളുണ്ടാക്കുന്നവർ ഇനിയും ഉണ്ടാക്കും.പക്ഷേ ഞാൻ പറയുന്നത് വിശ്വസിക്കുന്ന കുറച്ചുപേരുണ്ട് അവർക്ക് വേണ്ടിയാണ് പറയുന്നത്.'- ലക്ഷ്മി പറഞ്ഞു. ചാനൽ അഭിമുഖത്തിന്റെ പൂർണരൂപം പുറത്തുവിട്ടിട്ടില്ല.
പള്ളിപ്പുറത്ത് ദേശീയപാതയോരത്തെ തണൽമരത്തിലേക്ക് 2018 സെപ്തംബർ 25ന് പുലർച്ചെ കാറിടിച്ചുകയറിയാണ് ബാലഭാസ്‌കറും മകളും മരിച്ചത്. ആറുവർഷമായിട്ടും ബാലുവിന്റെ മരണത്തിനു പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്. ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് ആരോപണം ഉയർന്നിരുന്നു.
സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതിത്തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്, മരണത്തിന് സ്വർണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാൻ ഉത്തരവുനേടി. തുടക്കത്തിൽ സാധാരണ കാറപകടമെന്നായിരുന്നു കരുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |