SignIn
Kerala Kaumudi Online
Thursday, 16 January 2025 5.41 PM IST

ഈ സ്ഥിതി തുടർന്നാൽ ജീവൻ നഷ്ടമാകുന്നത് ഒരു കോടിയോളം പേർക്ക്, കേരളത്തിലും വർദ്ധിച്ചു വരുന്ന പ്രവണത

Increase Font Size Decrease Font Size Print Page
antibiotic

ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം സംസ്ഥാനത്ത് കുറച്ചുകൊണ്ടുവന്നുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രാേഗ പ്രതിരോധത്തിലും ജീവിതശെെലി രോഗങ്ങളെ തടയുന്നതിലും ജാഗ്രത പോരെന്ന് തെളിയിക്കുന്നതാണ് ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്ക്. കൊവിഡിന് ശേഷം ശ്വാസകോശ രോഗങ്ങൾ കൂടി. ചുമയും പനിയും ശ്വാസതടസവുമെല്ലാം ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്. ശരീരത്തിനുണ്ടാകുന്ന ക്ഷീണവും തളർച്ചയും മാസങ്ങൾ കഴിഞ്ഞാലും വിട്ടുമാറുന്നില്ല. അങ്ങനെ നിരവധി ആരാേഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം പൂർണമായും നിറുത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം തുടക്കത്തിൽ തന്നെ ഓപ്പറേഷൻ അമൃത് ആരംഭിച്ചത്.

സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാദ്ധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകുകയും ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ലോകാരോഗ്യ സംഘടന തന്നെ ഇതിനെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യകരമായ ജീവിതശെെലിയ്ക്കും പരമ്പരാഗത ഭക്ഷണരീതിയ്ക്കും പ്രസക്തിയേറുന്നത്. ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിന്റെ പ്രകൃതി പരിക്ഷൺ ആപ്പ് പുറത്തിറക്കിയതും ഈ പശ്ചാത്തലത്തിലാണ്. ഭരണഘടനാ ദിനമായ നവംബർ 26 നാണ് ആപ്പ് നിലവിൽ വന്നത്. ഒരു മാസത്തിനകം 4.7 ലക്ഷത്തിലധികം ആയുർവേദ ഡോക്ടർമാർ വഴി ജനങ്ങളുടെ ശരീരപ്രകൃതി തിരിച്ചറിയാനുള്ള ആപ്പാണിത്.

നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) ആണ് തുടങ്ങിയത്. മലയാളം ഉൾപ്പെടെ പത്ത് ഭാഷകളിൽ ആപ്പ് പ്ളേസ്‌റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. വോളന്റിയർമാരുടെ സഹായത്തോടെ സിറ്റിസൺ ടാബ് തിരഞ്ഞെടുക്കണം. അടിസ്ഥാന വിവരങ്ങളും പങ്കെടുക്കാനുള്ള സമ്മതവും നൽകണം. ശരീരം, ശീലങ്ങൾ, ആരോഗ്യ വിശദാംശങ്ങൾ തുടങ്ങിയവ വോളന്റിയർമാർ വിശദീകരിക്കും.


ഡിജിറ്റൽ സർട്ടിഫിക്കറ്റും കിട്ടും

ചോദ്യോത്തര മാതൃകയിലാണ് വ്യക്തികളുടെ ആരോഗ്യവും പ്രകൃതിയും വിലയിരുത്തുന്നത്. രക്തസാമ്പിളോ പരിശോധനകളോ ഇല്ല. ആരോഗ്യ ഉപദേശങ്ങൾക്കൊപ്പം ഡിജിറ്റൽ സർട്ടിഫിക്കറ്റും കിട്ടും. ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ വിദഗ്ദ്ധ ഡോക്ടറെ കാണാൻ നിർദ്ദേശിക്കും. സർക്കാർ, സ്വകാര്യ ആയുർവേദ ഡോക്ടർമാർ, ആയുർവേദ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മെഡിക്കൽ ഓഫീസർ എന്നിവരാണ് വോളന്റീയർമാർ. പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, മാനസിക പ്രശ്‌നങ്ങൾ, അർബുദം എന്നിവയെയെല്ലാം പ്രതിരോധിക്കാനുളള നിർദ്ദേശങ്ങൾ ആപ്പ് വഴി ലഭിക്കും. രോഗങ്ങൾ മനസിലാക്കി അനുയോജ്യമായ ഭക്ഷണ, ജീവിതരീതികൾ ശീലിക്കാനും ആപ്പ് സഹായിക്കും. ജനങ്ങൾക്ക് ശരീരപ്രകൃതി സർട്ടിഫിക്കറ്റും ഓൺലൈൻ ഫോട്ടോ ആൽബവും ആരോഗ്യ പ്രചാരണത്തിന് വീഡിയോ ആൽബവും നൽകുകയും ഗിന്നസ് റെക്കാഡിനുള്ള പരിശ്രമവുമെല്ലാം ഈ പദ്ധതിയിലുണ്ട്.

സി.എസ്.ഐ.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ആയുർ ജീനോമിക്‌സ് യൂണിറ്റാണ് സാങ്കേതിക പിന്തുണ നൽകുന്നത്. ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ വഴി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ശരീരപ്രകൃതി നിർണയിച്ച് ആപ്പ് വഴി ഡോക്യുമെന്റ് ചെയ്തുവെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ പറയുന്നു.

രസായനങ്ങളിലും ഗവേഷണം

പകർച്ചവ്യാധികളിലും കാൻസറിലും അടക്കം ച്യവനപ്രാശം, ലേഹ്യങ്ങൾ അടക്കമുള്ള രസായനം പ്രയോഗിക്കാനുള്ള വഴിയൊരുക്കുന്നതിനുളള ശ്രമത്തിലാണ് ആരോഗ്യശാസ്ത്ര സർവകലാശാല. ആയുർവേദത്തിലെ രസായന ഔഷധം എങ്ങനെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും രോഗങ്ങളെ ചെറുക്കുമെന്നും തെളിവോടെ പഠന, ഗവേഷണങ്ങളാണ് നടക്കുന്നത്. സർവകലാശാലയുടെ കീഴിലെ തൃപ്പൂണിത്തുറ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദയിൽ നടത്തുന്ന ഗവേഷണങ്ങളുടെ ഫലം, മൂന്ന് വർഷത്തിനകം സമർപ്പിക്കും. തെളിവധിഷ്ഠിത പഠനം പൂർത്തിയായാൽ വിദേശ രാജ്യങ്ങളിലേക്ക് അടക്കം ഔഷധം അയയ്ക്കാം. മരുന്നുകളിൽ ലോഹാംശങ്ങളുണ്ടെന്ന പ്രചാരണത്തിനെയും പ്രതിരോധിക്കാം. രസായനങ്ങളിൽ നെല്ലിക്കയാണ് പ്രധാനം. കോശങ്ങളുടെ പുനരുജ്ജീവനത്തിനും പ്രതിരോധശേഷിക്കും നെല്ലിക്കയും ബ്രഹ്മിയും ചിറ്റമൃതും അടക്കമുള്ള ഫലങ്ങളും സസ്യങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സൂക്ഷ്മമായി പഠിക്കും.


പുനരുജ്ജീവനവും കരുത്താകും

കൊവിഡ് അടക്കമുള്ള വൈറസും ബാക്ടീരിയകളും ആഗോള ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുമ്പോൾ രോഗപ്രതിരോധ ശേഷിയും പുനരുജ്ജീവനവുമാണ് കരുത്താകുകയെന്നാണ് ആയുർവേദ ഗവേഷണ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ആന്റിബയോട്ടിക്കുകളെ നിഷ്പ്രഭമാക്കി ബാക്ടീരിയകൾ കരുത്താർജ്ജിക്കുന്നുവെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഗവേഷണം നിർണായകമാകും. കൊവിഡിന്റെ തുടക്കത്തിൽ ആയുർവേദ ചികിത്സ അനുവദിച്ചില്ലെങ്കിലും സംസ്ഥാനത്ത് രോഗികളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയിരുന്നു. ഇത് സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നായിരുന്നു നടപടി.

കാൻസർ രോഗികളിൽ റേഡിയേഷൻ വഴി കോശങ്ങൾക്കുണ്ടാക്കുന്ന നാശം ഡിമെൻഷ്യയിലും പക്ഷാഘാതം കാരണമുണ്ടാകുന്ന മറവി തുടങ്ങിയ അവസ്ഥകളിലും ദീർഘകാല രോഗം കാരണം ഊർജ്ജസ്വലത കുറയുമ്പോഴും ശരീരഭാഗത്തിനെതിരെ രോഗപ്രതിരോധ സംവിധാനം തന്നെ പ്രതികരിക്കുന്ന ഓട്ടോ ഇമ്മ്യൂൺ അവസ്ഥയിലും വയോജനങ്ങളുടെ ആരോഗ്യം കൂട്ടി ജീവിതദൈർഘ്യം വർദ്ധിപ്പിക്കാനുമെല്ലാം രസായനങ്ങൾക്ക് കഴിയുമെന്ന് പറയുന്നു.

ഗവേഷണ ചെലവ് 60 ലക്ഷത്തോളം വരും. സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ, കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, കേരള സർവകലാശാലയുടെ സുവോളജി വകുപ്പിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ റീജെനറേറ്റീവ് മെഡിസിൻ ആൻഡ് സ്‌റ്റെം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയസ് ബയോളജി, തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടത്തിപ്പ്. രസായന ഔഷധങ്ങൾ ശാസ്ത്രീയമായി സാധൂകരിക്കപ്പെടുമ്പോൾ പൊതുജനാരോഗ്യത്തിന് അത് കരുത്താകുമെന്നും ആധുനികശാസ്ത്ര സാങ്കേതികവിദ്യകൾ വഴിയാണ് ഗവേഷണം നടക്കുന്നതെന്നും സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ മേധാവി ഡോ.എം.വി. അനിൽകുമാർ സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും രോഗപ്രതിരോധം ശക്തമാക്കി ജീവിതശെെലി രോഗങ്ങളെ ഇനിയും ചെറുത്തില്ലെങ്കിൽ മഹാമാരി പോലും വേണ്ടിവരില്ല, പൊതുജനാരോഗ്യത്തിന്റെ നട്ടെല്ലൊടിക്കാൻ.

TAGS: HEALTH, KERALA, ANTIBIOTIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.