തൃശൂർ: 'മരിച്ചതിന് നിങ്ങൾക്ക് തെളിവുകളില്ല, പക്ഷേ, ജീവിച്ചിരുന്നതിന് ഞങ്ങൾക്ക് തെളിവുകളുണ്ട്...' 'മരണസർട്ടിഫിക്കറ്റ്' എന്ന ആനന്ദിന്റെ നോവൽപോലെ പത്തുമാസമായി ജോയ്‌സിയുടെ ജീവിതം. ഭർത്താവ് മരിച്ചതിന്റെ തെളിവ് തെരയുകയാണ് ഒന്നേകാൽ വയസുകാരനായ മകനുമൊത്ത് ഈ ഇരുപത്തിയാറുകാരി. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ ഭാര്യയാണ് ജോയ്‌സി.
'ജെയ്ക്ക് അന്റോണിയോ ബിനിൽ എന്ന മകന്റെ പേരിന് ആധാർ കാർഡിൽ ചെറിയൊരു തെറ്റ് സംഭവിച്ചു. അത് തിരുത്തണമെങ്കിൽ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. ഞാനെവിടെ പോകാൻ..?' നിസഹായതയോടെ ജോയ്‌സി ചോദിക്കുന്നു. കഴിഞ്ഞ
ജനുവരി അഞ്ചിനാണ് ബിനിൽ മരിച്ചെന്ന വിവരം ലഭിച്ചത്. പത്തുമാസം പിന്നിടുമ്പോഴും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ജൂലായിൽ റഷ്യയിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടതുപ്രകാരം ബിനിലിന്റെ പിതാവ് ബാബുവിന്റെ ഡി.എൻ.എ സാമ്പിൾ കൈമാറി. ആദ്യം മരിച്ചെന്നാണ് അറിയിച്ചതെങ്കിലും പിന്നീട് മിസിംഗ് എന്നാണ് പറയുന്നത്. റഷ്യൻ സൈനിക കോടതിയുടെ അന്തിമവിധി കാത്തിരിക്കാനാണ് ഇന്ത്യൻ എംബസി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ്, നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ്... ജോയ്‌സി മുട്ടാത്ത വാതിലുകളില്ല.
മകന്റെ പേരു തിരുത്തലിന് കോർപ്പറേഷനെ സമീപിച്ചപ്പോഴാണ് പിതാവിന്റെ മരണസർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ, ബിനിൽ മരിച്ചെന്ന് റഷ്യയിൽ നിന്നുതന്നെ സ്ഥിരീകരിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥയാണ് തടസം.
തൊഴിൽ തേടി കുടുങ്ങി
പോളണ്ടിൽ ഇലക്ട്രീഷ്യൻ ജോലി ശരിയാക്കാമെന്നേറ്റ് ഒരു ബന്ധുവാണ് ബിനിലിനെ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർത്തത്. ഇതിനായി 1.4 ലക്ഷം രൂപയും ബന്ധു കൈപ്പറ്റി. പോളണ്ടിൽ ജോലി ശരിയായില്ലെന്ന് പറഞ്ഞാണ് റഷ്യയിൽ എത്തിച്ചത്. ബിനിലിനൊപ്പം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരുകയും പരിക്കേറ്റ് അവിടെ സൈനിക ആശുപത്രിയിലാകുകയും ചെയ്ത ജയിൻ കുര്യൻ പിന്നീട് നാട്ടിലെത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |