പാലക്കാട്: പല്ലൻചാത്തൂരിൽ അർജുൻ (14) ആത്മഹത്യചെയ്‌ത സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ സ്‌കൂൾ അധികൃതർ. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസം കുട്ടി വളരെ വിഷമിച്ചാണ് ക്ലാസിലിരുന്നതെന്ന് കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് പറഞ്ഞു. കുട്ടിയുടെ അമ്മാവൻ തല്ലിയിരുന്നുവെന്നും ഇൻസ്റ്റഗ്രാം ഉപയോഗിച്ചത് ആദ്യം കണ്ടുപിടിച്ചതും ശകാരിച്ചതും കുട്ടിയുടെ വീട്ടുകാരാണെന്നും അവർ പറഞ്ഞു. അർജുന് വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ധ്യാപിക കുട്ടിയെ നന്നാക്കാൻ വേണ്ടി മാത്രമാണ് പറഞ്ഞത്. കുട്ടി ആത്മഹത്യ ചെയ്‌തതിന്റെ യഥാർത്ഥ കാരണം അറിയണം. പൊലീസുകാർ ഇക്കാര്യം വ്യക്തമായി അന്വേഷിക്കണമെന്നും ഹെഡ്‌മിസ്‌ട്രസ് പറഞ്ഞു.
എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപികയോട് വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്നും അർജുന്റെ ഒരു സഹപാഠി പ്രതികരിച്ചു. അർജുന് വീട്ടിലെ പ്രശ്‌നങ്ങളുണ്ട്. കുറച്ച് ദിവസങ്ങളായി ക്ലാസിൽ അർജുൻ വിഷമിച്ചിരിക്കുകയാണെന്നും കാര്യങ്ങൾ അറിയാതെയാണ് മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതെന്നും ഈ കുട്ടി പറഞ്ഞു. എന്നാൽ, സ്‌കൂളിലെ മറ്റെല്ലാ കുട്ടികളും അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധിക്കുകയാണ്. തങ്ങൾക്ക് രാഷ്‌ട്രീയമില്ലെന്നും അർജുന്റെ ആത്മഹത്യയ്‌ക്ക് കാരണമായ അദ്ധ്യാപികയെ പിരിച്ചുവിടണമെന്നുമാണ് അവർ പറയുന്നത്. കെഎസ്‌യുവിന്റെ നേതൃത്വത്തിലും സ്‌കൂളിന് മുന്നിൽ പ്രതിഷേധം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് അർജുൻ ആത്മഹത്യ ചെയ്‌തത്. സ്‌കൂൾ യൂണിഫോം പോലും മാറ്റാതെ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. അദ്ധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആരോപണം. കുട്ടികൾ തമ്മിൽ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചതിന് ജയിലിലടയ്‌ക്കുമെന്ന് പറഞ്ഞ് അദ്ധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അർജുൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |