മംഗളൂരു: ആക്രമണ ഭീഷണിയെ തുടർന്ന് കർണാടകയിലെ തീരദേശ ജില്ലകളിൽ അതീവജാഗ്രത. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളായി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാ പരിശോധന നടത്തുന്നു. ബീച്ചുകളിലും ജാഗ്രത പുലർത്തുകയാണ്. വിദേശ ബോട്ടുകളോ അല്ലെങ്കിൽ സംശയാസ്പദമായ രീതിയിലുള്ള ബോട്ടുകളോ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂ മംഗളൂരു പോർട്ട് ട്രസ്റ്റ് (എൻ.എം.പി.ടി), മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടക (എൻ.ഐ.ടി.കെ), കുദ്രേമുഖ് ഇരുമ്പയിര് കമ്പനി ലിമിറ്റഡ് (കെ.ഐ.ഒ.സി.എൽ), നഗരത്തിലെ പ്രധാന വാണിജ്യ സമുച്ചയങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി.
ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പരിശോധന നടന്നത്. വാഹനങ്ങളിലും പരിശോധന നടത്തുന്നു. കതീൽ ശ്രീ ദുർഗപരമേശ്വരി ക്ഷേത്രത്തിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ സ്‌ക്രീനിംഗ് നടത്തിയാണ് ഭക്തരെ കടത്തിവിടുന്നത്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കടലിൽ പരമാവധി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. മാൽപെ കൂടാതെ 32 സ്ഥലങ്ങളിൽ തീരസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് നേവിയും പട്രോളിംഗ് ശക്തമാക്കി. കുന്താപുരം താലൂക്കിലെ ഗംഗൊല്ലി തുറമുഖം, കൊല്ലൂർ ക്ഷേത്രം, ബൈന്ദൂർ, കുന്ദാപൂർ, സേനാപൂർ റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലും കർശന മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |