21-ാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച കളിക്കാരിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. 2011 ലോകകപ്പ് ഇന്ത്യയ്‌ക്ക് നേടിത്തന്ന ധോണി ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്‌സിനെ മുന്നിലെത്തിക്കുന്നതിലും പ്രധാന കാരണമാണ്. ധോണി മികച്ചൊരു ക്രിക്കറ്റർ എന്നതിന് പുറമേ പരസ്യമേഖലയിലും ബിസിനസിലും ശക്തമായ ബ്രാൻഡും കൂടിയാണിന്ന്.
2019ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും ധോണിയുടെ ബ്രാൻഡ് വാല്യുവിന് ഒരു കുറവും ഇപ്പോഴും സംഭവിച്ചിട്ടില്ല. കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ബ്രാൻഡ് വാല്യുവിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് ധോണിയാണ്. ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും മറികടന്നാണ് ധോണി ഒന്നാമതായിരിക്കുന്നത്. 2024ൽ ആദ്യ പകുതിയിൽ ഏറ്റവുമധികം ബ്രാൻഡുകളുമായി കരാർ ഏർപ്പെട്ടിരിക്കുന്നത് ധോണിയാണെന്ന വിവരം ടിഎഎം മീഡിയ റിസർച്ചാണ് പുറത്തുവിട്ടത്.
42 ബ്രാൻഡുകളുടെ കരാറുമായാണ് ധോണി ഒന്നാമതായത്. അമിതാഭ് ബച്ചൻ 41 കരാറുകളും ഷാരൂഖ് ഖാൻ 34 കരാറുകളുമാണ് ഉള്ളത്. ഫ്ളിപ്‌കാർട്ടിന്റെ ഉടമസ്ഥതയിലെ ക്ളിയർട്രിപ്, സിട്രോൺ, ഇമോട്ടോറാഡ്, ഗരുഡ എയറോസ്‌പേസ്, പെപ്‌സികോ ലെയ്‌സ്, മാസ്‌റ്റർകാർഡ്, ഗൾഫ് ഓയിൽ ഇങ്ങനെ നിരവധി പ്രമുഖ ബ്രാൻഡുകളുമായി കരാർ ധോണിക്കുണ്ട്.
2025 ഐപിഎൽ സീസണിലും നാല് കോടിയ്‌ക്കാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയെ നിലനിർത്തിയത്. 2010,2011,2018, 2021,2023 സീസണുകളിൽ ചെന്നൈയെ ഐപിഎൽ ചാമ്പ്യന്മാരാക്കിയതും ധോണിയാണ്. റുതുരാജ് ഗെയ്‌ക്‌വാദ് (18 കോടി), ശിവം ദുബെ (12കോടി), രവീന്ദ്ര ജഡേജ (18 കോടി), മതീഷ പതിറാണ (13 കോടി) എന്നിവരെയും ഈ സീസണിൽ സിഎസ്‌കെ ടീമിൽ നിലനിർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |