കൊച്ചി: റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി സഞ്ജയ് മൽഹോത്ര നിയമിതനായതോടെ പലിശ കുറയാനുള്ള സാദ്ധ്യതയേറിയതിനാൽ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായി. ഇന്നലെ ഡോളറിനെതിരെ രൂപ 0.1 ശതമാനം നഷ്‌ടത്തോടെ 84.85ൽ അവസാനിച്ചു. സർക്കാർ കടപ്പത്രങ്ങളുടെ മൂല്യത്തിലും ഇന്നലെ ഇടിവുണ്ടായി. ഫെബ്രുവരിയിലെ അടുത്ത ധന നയ രൂപീകരണ യോഗത്തിന് മുൻപ് മുഖ്യ നിരക്കുകൾ കുറച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് രൂപയ്ക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചത്.
അതേസമയം റിസർവ് ബാങ്കിന്റെ നിർദേശാനുസരണം പൊതു മേഖല ബാങ്കുകൾ വിപണിയിൽ ഡോളർ വിറ്റഴിച്ചതാണ് ഒരു പരിധി വരെ രൂപയുടെ തകർച്ച തടഞ്ഞത്. ഒരിടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ചതും രൂപയുടെ മൂല്യയിടിവിന് കാരണമായി. ആറംഗ ധന രൂപീകരണ സമിതിയിൽ ഇന്നലെ വിരമിച്ച ഗവർണർ ശക്തികാന്ത ദാസും ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുമാണ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. മൈക്കൽ പത്രയുടെ കാലാവധി ജനുവരി മദ്ധ്യത്തോടെ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |