ബംഗളൂരു: മുപ്പത്തിനാലുകാരനായ ടെക്കിയുടെ ആത്മഹത്യയിൽ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ അതുൽ സുഭാഷാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇരുപത്തിനാല് പേജുള്ള ആത്മഹ്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. അതുലിന്റെ സഹോദരൻ ബികാസ് കുമാറിന്റെ പരാതിയിലാണ് നടപടി.
അതുലിന്റെ ഭാര്യ നിഖിത സിംഘാനിയ, ഭാര്യാമാതാവ് നിഷ സിംഘാനിയ, ഭാര്യയുടെ സഹോദരൻ അനുരാഗ് സിംഘാനിയ, ഭാര്യയുടെ അമ്മാവൻ സുശീൽ സിംഘാനിയ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ബംഗളൂരുവിലെ മാർത്തഹള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്.
2019ലാണ് അതുൽ നിഖിതയെ വിവാഹം കഴിച്ചത്. ദമ്പതികൾക്കൊരു കുട്ടിയുണ്ടായിരുന്നു. പൊരുത്തപ്പെട്ടുപോകാൻ സാധിക്കാതെ വന്നതോടെ വിവാഹ മോചനത്തിലെത്തി. ഇതിനുശേഷം അതുൽ സുഭാഷിനെതിരെ നിഖിതയും ബന്ധുക്കളും ചേർന്ന് കള്ളക്കേസ് കൊടുത്തു. വ്യാജ സ്ത്രീധന പീഡന പരാതിയായിരുന്നു നൽകിയത്. കൂടാതെ നിഖിതയുടെ അച്ഛന്റെ മരണത്തിന് കാരണം അതുലാണെന്ന് കാണിച്ചും പരാതി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജ പരാതിയാണെന്ന് പിന്നീട് തെളിഞ്ഞു.
കേസ് ഒത്തുതീർപ്പാക്കാൻ മൂന്ന് കോടി രൂപ നൽകണമെന്ന് പ്രതികൾ അതുലിനെ നിർബന്ധിക്കുകയും ചെയ്‌തുവെന്നാണ് പരാതി. നാല് വയസുകാരനായ മകനെ കാണാൻ അനുവദിക്കണമെങ്കിൽ മുപ്പത് ലക്ഷം രൂപ നൽകണമെന്ന് നിഖിത അതുലിനോട് ആവശ്യപ്പെട്ടതായും ബികാസ് കുമാറിന്റെ പരാതിയിൽ പറയുന്നു.
അതുലിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |