അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ ക്രിസ്മസിനോടനുബന്ധിച്ച് ബാസ്കറ്റുകൾ സ്ഥാപിച്ചു. വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, മറ്റ് അത്യാവശ്യ വസ്തുക്കൾ എന്നിവയാണ് ക്രിസ്മസ് ബാസ്ക്കറ്റുകളിലൂടെ ശേഖരിക്കുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷമായി ഇത്തരത്തിൽ ബാസ്കറ്റുകൾ സ്കൂളിൽ സ്ഥാപിക്കുന്നുണ്ട്. കുട്ടികളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതോടെയാണ് ഈ വർഷവും ബാസകറ്റുകൾ സ്ഥാപിച്ചതെന്ന് സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യു പറഞ്ഞു. തെങ്ങോല കൊണ്ട് നിർമ്മിച്ച ബാസ്കറ്റ് കുട്ടികൾ അലങ്കരിച്ചാണ് സ്കൂളിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ വർഷം സ്ഥാപിച്ച ക്രിസ്മസ് ബാസ്കറ്റുകളിൽ സ്കൂളിൽ അവിചാരിതമായി എത്തിയ വിദേശ അതിഥികളാണ് ആദ്യ സമ്മാനങ്ങൾ നിക്ഷേപിച്ചത്. സ്വിറ്റ്സർലാന്റിൽ നിന്നെത്തിയ ക്ലാവുസ്വലീവ, റ്റിസിയന് ബർത്തർ എന്നിവരാണ് ബാസ്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബാസ്കറ്റിൽ വരുന്ന സമ്മാനങ്ങൾ വട്ടപ്പാറയ്ക്ക് സമീപമുള്ള അഗതി മന്ദിരത്തിന് നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ക്രിസ്മസ് ബാസ്കറ്റ് പ്രോഗ്രാമിന് മനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം. മാത്യു, പി.ടി. ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |