കോട്ടയം: പാലക്കാട്,വയനാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പുകളിൽ ചുമതല നൽകാതെ അവഗണിച്ചെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. പ്രചാരണത്തിൽ എന്തുകൊണ്ട് സജീവമായില്ലെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് ചെയ്തത്. തന്നെ മാറ്റി നിറുത്താനും അവഗണിക്കാനും തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഒരു എം.എൽ.എ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് തുറന്നു പറഞ്ഞത്.വ്യക്തിപരമായി പാർട്ടിക്കെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. കൂടുതൽ ചർച്ചകൾക്കില്ല. പാർട്ടിക്കുള്ളിൽ എല്ലാം തുറന്നു പറയും.-ചാണ്ടി ഉമ്മൻ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ പ്രതികരണം പ്രതിപക്ഷ നേതാവിനെതിരെയാണെന്ന പ്രചാരണം ചർച്ചയായതോടെ ചാണ്ടി ഉമ്മനെ തള്ളി വി.ഡി.സതീശൻ രംഗത്തുവന്നു. കോൺഗ്രസിലെ ഒരു വിഭാഗം ചാണ്ടി ഉമ്മനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിൽ ഷാഫിപറമ്പിൽ,രാഹുൽ മാങ്കൂട്ടം ഗ്രൂപ്പിനെതിരായ പടയൊരുക്കമായും ഇത് വിലയിരുത്തുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് മിന്നുന്ന വിജയം നേടിയ സാഹചര്യം മനസിലാക്കി പാർട്ടിക്ക് ദോഷകരമായതൊന്നും ചെയ്യരുതെന്നും അച്ചടക്ക ലംഘനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും നടപടി എടുക്കേണ്ടി വരുമെന്നും പാർട്ടി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. ചാണ്ടി
ഉമ്മന്റെ അതൃപ്തിക്ക് പിന്നിൽ എന്തെന്ന് പാർട്ടി നേതൃത്വം പരിശോധിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |