തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ തിരുവനന്തപുരം റീജിയൺ ശാഖാ മേധാവികളെ ഉൾപ്പെടുത്തി ശാഖകളുടെ പ്രവർത്തനം വിലയിരുത്തുകയും ഭാവിപദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്‌തു. 17, 18 തീയതികളിലായാണ് അവലോകനയോഗം സംഘടിപ്പിച്ചത്.
വിവിധ സാമ്പത്തിക മേഖലകളിൽ നൽകുന്ന വായ്‌പകളുടെ വ്യാപ്‌തി വർദ്ധിപ്പിക്കുക, പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഡാറ്റ വിശകലനം, മുതിർന്ന പൗരന്മാർ, കർഷകർ, സംരംഭകർ, ചെറുകിട വ്യവസായികൾ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്‌ത്രീകൾ എന്നിവരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ഊന്നൽ നൽകുംവിധം ബാങ്കുകളെ രൂപപ്പെടുത്തുക എന്നിവലക്ഷ്യമിട്ടായിരുന്നു യോഗം.
രാജ്യ പുരോഗതിക്ക് ഊന്നൽ നൽകാനായി സാമ്പത്തിക വളർച്ചയ്ക്കായുള്ള വായ്‌പാ വിതരണം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, കാർഷികം, എം.എസ്.എം.ഇ., മുദ്രാ വായ്‌പകൾ, കയറ്റുമതി വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഗ്രീൻ ഇക്കണോമി, സ്വച്‌ഛ് ഭാരത്, ഫിനാൻഷ്യൽ ഇൻക്ളൂഷൻ, സ്‌ത്രീശാക്‌തീകരണം, ഡിജിറ്റൽ ഇക്കണോമി, ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ, കോർപ്പറേറ്ര് സാമൂഹിക പ്രതിബദ്ധത, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നീ വിഷയങ്ങളും ചർച്ച ചെയ്‌തു.
ഈ അടിസ്ഥാനതല ചർച്ചകളിൽ നിന്ന് ലഭിക്കുന്ന ആശയങ്ങൾ സംസ്‌ഥാനതല ബാങ്കേഴ്‌സ് സമിതി ചർച്ച ചെയ്യുകയും ദേശീയതല ചർച്ചകൾക്കും ശേഷം നിർദേശങ്ങൾ ദിശാബോധത്തോടെ നടപ്പാക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |