തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് 15 മാസം ശേഷിക്കേ, സംസ്ഥാന കോൺഗ്രസിലെ അസംതൃപ്തരായ പഴയ ഐക്കാർ വിശാല ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുന്നു. കോൺഗ്രസ് നിയമസഭാകക്ഷിക്ക് പിന്നാലെ, കെ.പി.സി.സിയിലും പിടിമുറുക്കാൻ യൂത്ത് കോൺഗ്രസിന്റെ പിന്തുണയോടെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻപക്ഷം നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് പടയൊരുക്കം. ഇക്കാര്യത്തിൽ രമേശ് പക്ഷത്തിന് കെ.സുധാകരന്റെയും,കെ.മുരളീധരന്റെയും പിന്തുണയുണ്ട്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിന് പിന്നാലെ, ഉപതിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ സീറ്റിലും പാലക്കാട് നിയമസഭാ സീറ്റിലും ഭൂരിപക്ഷം വർദ്ധിപ്പിക്കാനും യു.ഡി.എഫിന് കഴിഞ്ഞു. പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് വി.ഡി.സതീശനാണെങ്കിലും, വിജയത്തിന്റെ ക്രെഡിറ്റ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും അവകാശപ്പെട്ടതാണ്. സുധാകരനെ മാറ്റി തങ്ങൾക്ക് താത്പര്യമുള്ളയാളെ അദ്ധ്യക്ഷനാക്കാനുള്ള സതീശൻ പക്ഷത്തിന്റെ നീക്കം സംഘടനയെയും കൈപ്പിടിയിലൊതുക്കാനാണെന്ന് അവർ കരുതുന്നു.
തിരഞ്ഞെടുപ്പുകളിലെ വിജയത്തോടെ വി.ഡി.സതീശനോടുള്ള പാർട്ടി ഹൈക്കമാൻഡിന്റെ പ്രീതി വർദ്ധിച്ചു. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെയും പിന്തുണ സതീശനുണ്ട്.
മുഖ്യമന്ത്രി സ്ഥാനം വെല്ലുവിളി
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് യു.ഡി.എഫ് കണക്കു കൂട്ടുന്നു. എന്നാൽ, മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പല തട്ടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി.സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും സതീശനുണ്ട്. കെ.സുധാകരൻ ഇക്കാര്യത്തിൽ സതീശന്
ഭീഷണിയാവാനിടയില്ല.
അതേസമയം, രമേശ് ചെന്നിത്തല, ശശിതരൂർ എം.പി, കെ.മുരളീധരൻ എന്നിവരും അവകാശ വാദം ഉന്നയിച്ചേക്കാം. കെ.സി.വേണുഗോപാലിന്റെ പേരും പ്രചരിക്കുന്നു. ഭരണം കിട്ടിയാൽ താൻ മുഖ്യമന്ത്രിയും, തന്റെ പക്ഷത്തുള്ളയാൾ കെ.പി.സി.സി പ്രസിഡന്റുമാകണമെന്നതാണ് സതീശന്റെ ലക്ഷ്യമെന്ന് എതിർപക്ഷം കരുതുന്നു. അതിനാലാണ്, സുധാകരനെ ഉടനെ മാറ്റുന്നതിനെ വ്യക്തിതാത്പര്യങ്ങൾ മറന്ന് എതിർക്കുന്നത്.ഈഴവ സമുദായാംഗമായ സുധാകരനെ മാറ്റുന്നത് തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതും പ്രശ്നമാണ്.സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗത്തെ മാത്രം കേൾക്കുന്ന ദീപാ ദാസ് മുൻഷിക്ക് കേരളത്തിലെ സാമുദായിക സമവാക്യങ്ങളെപ്പറ്റി ഗ്രാഹ്യമില്ലെന്നും വിമർശനമുണ്ട്.
അനാഥമായി എ ഗ്രൂപ്പ്
ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ എ ഗ്രൂപ്പിന് അവശേഷിച്ച ശക്തിയും ചോർന്നു. മാനേജർമാരായിരുന്ന കെ.സി.ജോസഫും,ബെന്നി ബഹനാനും ഗ്രൂപ്പിൽ സജീവമല്ല. തിരുവഞ്ചൂർ രാധാകൃഷ്ണന് ആഭിമുഖ്യം സതീശനോടാണ്. എ ഗ്രൂപ്പ് നോമിനികളായിരുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയും,നിലവിലെ
പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സതീശൻ പക്ഷത്താണ്. പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ ചുമതല നൽകാതെ അവഗണിച്ചെന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പരാതിക്ക് പിന്തുണ നൽകാൻ പഴയ എ ഗ്രൂപ്പുകാർ തയ്യാറാവാത്തതും ശ്രദ്ധേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |