തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നിന്ന് പുഷ്പം പോലെ തലയൂരാമെന്ന് കരുതിതിയിരുന്ന ദിലീപിനെ അഴിയാക്കുരുക്കിലായത് ഇന്നുപുലർച്ചെ അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ കേസിന് പുതിയ മാനം കൈവരികയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ആദ്യം ബലാത്സംഗകേസ് മാത്രമാണ് ചുമത്തിയിരുന്നത്. വെളിപ്പെടുത്തൽ വന്നതോടെ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.
കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനകൾ നടന്നെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. രോഗം കടുത്തെങ്കിലും അതൊന്നും വകവയ്ക്കാതെ കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് തുടർച്ചയായി അദ്ദേഹം കോടതിയിലും എത്തിയിരുന്നു. 2014 മുതൽ ദിലീപുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്തുബന്ധമുള്ള വ്യക്തിയായിരുന്നു ബാലചന്ദ്രകുമാർ.
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ തനിക്ക് പരിചയപ്പെടുത്തിയത് ദിലീപായിരുന്നുവെന്നും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടായിരുന്നു എന്നും ബാലചന്ദ്രകുമാർ തുറന്നുപറഞ്ഞിരുന്നു. സുനിയുമായുള്ള തന്റെ ബന്ധം പുറത്ത് പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടുവെന്നും കേസിൽ ജാമ്യം കിട്ടിയപ്പോൾ തന്നെ വിളിച്ചിരുന്നതായും ഇതിന് രേഖകളുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദിലീപുമായുള്ള പൾസർ സുനിയുടെ ബന്ധത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ദിലീപിന്റെ ബന്ധുക്കൾ തന്നെ നിർബന്ധിച്ചുവെന്നും അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങി നാൽപത് ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വി ഐ പി എത്തിച്ചിരുന്നുവെന്നും ഇത് ദിലീപും സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയിരുന്നു എന്നായിരുന്നു മറ്റൊരു സുപ്രധാന വെളിപ്പെടുത്തൽ.
2017ൽ ദിലീപിന്റെ ആലുവയിലെ വീട്ടിൽ വച്ചായിരുന്നു ഗൂഢാലോചന. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞുകൊണ്ട് ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ ബൈജു കെ. പൗലോസിന്റെ വണ്ടിയിൽ ഏതെങ്കിലും ട്രക്കോ മറ്റോ വന്ന് കയറിയാൽ ഒന്നരക്കോടി നോക്കേണ്ടി വരും എന്ന് സുരാജ് പറഞ്ഞതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് ദിലീപിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും കുരുക്ക് മുറുകിയതും. ഇതാേടെ ബാലചന്ദ്രകുമാറിനുനേരെ പ്രലോഫനങ്ങളും ഭീഷണികളുമുണ്ടായി. പക്ഷേ, അതൊന്നും വകവയ്ക്കാതെ അവസാനം വരെ താൻ പറഞ്ഞ കാര്യങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം കോടതിയിൽ നടക്കുന്നതിനിടെ ആ കേസിന്റെ വിധി അറിയാൻ കാത്തുനിൽക്കാതെ അദ്ദേഹം ലോകത്തോട് വിടപറയുകയായിരുന്നു.
വൃക്ക - ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിക്കെ ഇന്ന് രാവിലെയാണ് ബാലചന്ദ്രകുമാർ മരിച്ചത്. 2013ൽ പുറത്തിറങ്ങിയ 'കൗ ബോയ്' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |