SignIn
Kerala Kaumudi Online
Wednesday, 07 January 2026 5.10 PM IST

ഭാര്യയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്ന പേരിൽ ഭർത്താവിന് നഷ്‌ടപരിഹാരം നൽകേണ്ടതില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
highcourt

കൊച്ചി: ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നതിന്റെ പേരിൽ ഭർത്താവിന് നഷ്‌ടപരിഹാരം നൽകാനുള്ള കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഇത്തരം ബന്ധങ്ങൾ വിവാഹമോചനത്തിന് അല്ലാതെ നഷ്‌ടപരിഹാരത്തിന് കാരണമാകുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എംബി സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഭാര്യ ഒളിച്ചോടി പോയതിന്റെ പേരിൽ ഭർത്താവിന് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനായിരുന്നു തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. ഭർത്താവിനുണ്ടായ മനോവേദനയ്‌ക്കും മാനഹാനിക്കും നഷ്‌ടപരിഹാരം എന്ന നിലയിലായിരുന്നു വിധി. 2006ൽ വിവാഹിതരായ ദമ്പതികളുടെ കേസായിരുന്നു കോടതി പരിഗണിച്ചത്.

വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം പണവും സ്വർണാഭരണങ്ങളുമായി ഭാര്യ വീടുവിട്ടുപോയി എന്നായിരുന്നു ഭർത്താവിന്റെ ആരോപണം. നഷ്‌ടപരിഹാരമായി 20 ലക്ഷം രൂപയും സ്വർണവും തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ.

വിവാഹേതര ബന്ധങ്ങൾ വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെങ്കിലും അതുമൂലം ഉണ്ടാകുന്ന മാനസിക വ്യഥയ്‌ക്ക് നഷ്‌ടപരിഹാരം തേടാൻ ഇന്ത്യയിൽ ഒരിടത്തും വ്യവസ്ഥയില്ലെന്നും കോടതി പറഞ്ഞു. പരസ്‌ത്രീ, പരപുരുഷഗമനം ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമല്ല. സ്‌ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും അന്തസും അനുവദിക്കുന്നതാണ് നിയമം. സ്ത്രീയുടെ ലൈംഗികത ഭർത്താവിന്റെ സ്വത്താണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നിടത്ത് നിയമപരമായ അവകാശം ലംഘിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹം എന്നത് സിവിൽ കരാർ ആണെന്നും പങ്കാളിയുടെ സ്വഭാവവുമായി അതിനെ ബന്ധപ്പെടുത്തി സ്വത്വവകാശത്തിന് അർഹതയില്ലെന്നും ഉത്തരവിലുണ്ട്.

TAGS: HIGHCOURT, COMPENSATION, EXTRA MARITAL AFFAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY