അടൂർ :കീറിപ്പറിഞ്ഞ തലയണയും മെത്തയും. ദുർഗന്ധം വമിക്കുന്ന ടോയ്ലറ്റും പരിസരവും. ഇൗർപ്പംപിടിച്ച് അടർന്നുവീഴാറായ ഭിത്തികൾ, കനത്ത മഴപെയ്താൽ വെള്ളംകയറുന്ന മുറികൾ.അടൂർ ജനറൽ ആശുപത്രിയിലെ പേവാർഡിന്റെ സ്ഥിതിയാണിത്. ഒരിക്കൽ കയറുന്നവർ പിന്നെ ഇവിടേക്ക് തിരിഞ്ഞുനോക്കില്ല. കെ. എച്ച്.ആർ. ഡബ്ള്യു. എസിന്റെ (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി) നിയന്ത്രണത്തിലാണ് പേവാർഡ്. പണം വാങ്ങുകയല്ലാതെ അടിസ്ഥാന സൗകര്യങ്ങളെങ്കിലും നൽകാൻ അവർക്ക് താത്പര്യമില്ല.
വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടത്തിലൂടെ അവർ വൻ ലാഭം കൊയ്തിട്ടും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ല.ആരോഗ്യവകുപ്പ് വിട്ടുകൊടുത്ത സ്ഥലത്താണ് പേവാർഡ് നിർമ്മിച്ചത്. 15 വർഷം കഴിയുമ്പോൾ കെട്ടിടം ഉൾപ്പെടെ ആരോഗ്യവകുപ്പിന് വിട്ടുനൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മുപ്പത് വർഷം കഴിഞ്ഞിട്ടും നൽകിയിട്ടില്ല. 25 മുറികളുണ്ട്.. താഴത്തെ നിലയിൽ വെള്ളം കയറുമെന്നതിനാൽ അത് അടച്ചിട്ടിരിക്കുകയാണ്. എ, ബി ടൈപ്പ് മുറികളാണ്. എ ടൈപ്പിന് 375 രൂപയും ബി ടൈപ്പിന് 325 രൂപയുമാണ് പ്രതിദിന വാടക. ഇതിൽ ലഭിക്കുന്നത് ഒരു മെത്തയും, തലയണയും സഹായിക്ക് വിശ്രമിക്കാനുള്ള ഒരു ചെറിയ കിടക്കയും. തലയണ ഉറയും ബഡ് ഷീറ്റും ലഭ്യമാക്കണമെന്നാണ് നിയമം. എന്നാൽ കീറിപ്പറിഞ്ഞ മെത്തയിൽ കിടക്കണമെങ്കിൽ രോഗികൾ വീട്ടിൽ നിന്ന് ഷീറ്റും തലയണകവറും കൊണ്ടുവരണം. ടോയ്ലെറ്റിൽ ഉപയോഗിക്കാനുള്ള ബക്കറ്റും കപ്പും ഉൾപ്പെടെയുള്ള സാധനങ്ങൾ പോലും രോഗികൾ എത്തിക്കണം. ടോയ്ലറ്റിൽ വെള്ളം ഒഴിച്ചാൽ മലിനജലം മുകളിലേക്ക് തള്ളിക്കയറും. സേപ്ടിക് ടാങ്കുകൾ പൊട്ടിയൊലിക്കുന്നതിനാൽ ദുർഗന്ധം കാരണം മുറികളുടെ ജനാലകൾ തുറന്നിടാൻ കഴിയില്ല. വർഷങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയതൊഴിച്ചാൽ പിന്നീട് പെയിന്റിംഗ് പോലും നടത്തിയിട്ടില്ല.
---------------------------
'പട്ടിതിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന പഴഞ്ചൊല്ലുപോലെയാണ് കെ. എച്ച്. ആർ. ഡബ്ള്യു. എസി ന്റെ അവസ്ഥ. ആരോഗ്യവകുപ്പിന് തിരികെ നൽകിയാൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതലയിൽ അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായ അന്തരീക്ഷം സൃഷ്ടിക്കാനാകും.
ഡി. സജി,
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗം.
----------------------------
സൊസൈറ്റിയുടെ ചുമതലയിൽ ആയതിനാൽ ആരോഗ്യവകുപ്പിന് ഒന്നുംചെയ്യാൻ കഴിയില്ല. രോഗികളുടെ ദുരിതം ആരോഗ്യവകുപ്പിന്റെയും സൊസൈറ്റി അധികൃതരുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പേവാർഡ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടിയില്ല.
ഡോ. എസ്. സുഭഗൻ,
സൂപ്രണ്ട്, ജനറൽ ആശുപത്രി.
-------------------------
നിയന്ത്രണം- കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക്
പ്രശ്നം- വൃത്തിഹീനമായ ചുറ്റുപാടുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
30 വർഷം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പിന് തിരികെ നൽകിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |