ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈ റോഡ് ഈസ്റ്റ് എം.എൽ.എയും പാർട്ടിയുടെ തമിഴ്നാട് മുൻ അദ്ധ്യക്ഷനുമായിരുന്ന ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിൽ ഇന്നലെ 10.15ഓടെയാണ് അന്ത്യം. നവംബർ 11നാണ് പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇളങ്കോവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്രി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
മകൻ തിരുമഹൻ എവേരയുടെ മരണത്തെത്തുടർന്ന് 2023ലെ ഉപതിരഞ്ഞെടുപ്പിൽ ഇളങ്കോവൻ മത്സരിക്കുകയും 66,575 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. 1984ൽ സത്യമംഗലം നിയമസഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ തേനിയിൽനിന്ന് മത്സരിച്ച ഇളങ്കോവൻ ഒ.പി.രവീന്ദ്രനാഥിനോട് തോറ്റു. തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഇളങ്കോവൻ സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന തന്തൈ പെരിയാറിന്റെ കൊച്ചുമകനും ഡി.എം.കെയുടെ സ്ഥാപക നേതാക്കളിലൊരാളായ ഇ.വി.കെ സമ്പത്തിന്റെ മകനുമാണ്.
അച്ഛനും മകനും
രണ്ടുവർഷത്തിനിടെ രണ്ട് എം.എൽ.എമാരെയാണ് ഈറോഡിന് നഷ്ടമായത്. അതും അച്ഛനും മകനും.
തിരുമഹൻ എവേരാ എം.എൽ.എയുടെ മരണത്തിനുശേഷമാണ് ഈറോഡ് ഈസ്റ്റിൽനിന്ന് അദ്ദേഹത്തിന്റെ പിതാവ് ഇളങ്കോവൻ മത്സരിച്ച് വിജയിക്കുന്നത്. 2021 മേയിൽ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച തിരുമഹൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.
2023 ജനുവരി നാലിന് ഹൃദയാഘാതത്തെ തുടർന്ന് തിരുമഹൻ മരണപ്പെട്ടു.
തുടർന്നുനടന്ന ഉപതിരഞ്ഞെടുപ്പിൽ ഇളങ്കോവൻ മത്സരത്തിനിറങ്ങി. എ.ഐ.എ.ഡി.എം.കെയുടെ കെ.എസ്. തിന്നരസിനെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |