തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാൻ നടത്തിയ പഠന റിപ്പോർട്ടുകളിലെ ശുപാർശകൾ അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ആലപ്പുഴ കളർകോട് ആറ് മെഡിക്കൽ വിദ്യാർത്ഥികളും
പാലക്കാട് കരിമ്പ പനയംപാടത്ത് സഹപാഠികളായ നാലു സ്കൂൾ വിദ്യാർത്ഥിനികളും ഇന്നലെ കോന്നി മുറിഞ്ഞകല്ലിൽ നവദമ്പതികൾ അടക്കം നാലുപേരും വാഹനാപകടങ്ങളിൽ മരിച്ചതാണ് സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത്.
കഴിഞ്ഞ വർഷം ഗതാഗത വകുപ്പിന്റെ കീഴിലുള്ള ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) ആണ് ഏറ്റവും ഒടുവിൽ പഠനം നടത്തിയത്. 323 റോഡുകളിലായി 2200 കിലോമീറ്റർ ഭാഗത്താണ് പതിവായി അപകടം നടക്കുന്നതെന്ന് ആ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആ ഭാഗങ്ങൾ പുനർനിർമ്മിക്കുകയോ റോഡ് സുരക്ഷാ മാർഗങ്ങൾ നടപ്പാക്കുകയോ വേണമെന്ന് നിർദ്ദേശിച്ചുവെങ്കിലും നാറ്റ്പാകിന്റെ മുൻ റിപ്പോർട്ടുകളിലെ ശുപാർശകൾപോലെ ഇതും സർക്കാർ ഗൗനിച്ചില്ല. നേരത്തേ പാലക്കാട് ഐ.ഐ.ടിയും പഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടുകൾ പരിശോധിച്ച് ഉടൻ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ നടപ്പിലാക്കും. ഇതിനായി മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത്, റോഡ് സുരക്ഷാ അതോറിട്ടി, നാഷണൽ ഹൈവേ അതോറിട്ടി, പൊതുമരാമത്ത് ദേശീയ പാത വിഭാഗം, പൊലീസ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നാളെ വൈകിട്ട് നാലിന് ഗതാഗത മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ ഓഫീസിൽ ചേരും. മുന്നോടിയായി ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ അദ്ധ്യക്ഷതയിൽ എം.വി.ഡി ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ഈ യോഗത്തിലെ നിർദ്ദേശങ്ങളും നാളെ ചർച്ചചെയ്യും.
റോഡ് ടാക്സ് വാങ്ങും; പക്ഷേ, പണമില്ല
2019ൽ സംസ്ഥാനത്തെ ഏറ്റവും അപകടസാദ്ധ്യതയുള്ള 75 സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി നാറ്റ്പാക് റോഡ് സുരക്ഷാ അതോറിട്ടിക്കു റിപ്പോർട്ട് നൽകിയിരുന്നു . ഈ സ്ഥലങ്ങളെ അപകടരഹിതമാക്കാൻ പൊതുമരാമത്ത് വകുപ്പ് 108 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇത്രയും പണമില്ലെന്ന് റോഡ് സുരക്ഷാ അതോറിട്ടി അറിയിച്ചതോടെ അപകടതീവ്രത ഏറ്റവും കൂടിയ 23 സ്ഥലങ്ങൾ വേർതിരിച്ച് അതിനായി 25 കോടിയുടെ എസ്റ്റിമേറ്റ് നൽകി. സാമ്പത്തിക പ്രതിസന്ധിയെന്ന പല്ലവിയിൽ അതും കുരുങ്ങി.
ഗുരുതര ബ്ളാക്ക് സ്പോട്ടുകൾ 374
ദേശീയ പാതയിൽ.............. 227
സംസ്ഥാനപാതയിൽ.......... 84
മറ്റു റോഡുകളിൽ.............. 63
4592:
സംസ്ഥാനത്തെ ആകെ
ബ്ലാക്ക് സ്പോട്ടുകൾ
മരണനിരക്കിന്റെ ഭീകരത
2021-------------- 33,296------------- 3,429
2022-------------- 43,910 ------------ 4,317
2023-------------- 48,091-------------4,080
2024---------------40,891 ------------ 3,168 ((ഒക്ടോ.വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |