പട്ന: കുഴികളില്ലാത്ത ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞ റോഡിലൂടെ വണ്ടിയോടിക്കുക നല്ല രസമായിരിക്കുമല്ലെ. കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വേഗത്തിൽ വണ്ടിയോടിക്കുന്നത് മനോഹരമായ ഡ്രൈവിംഗ് അനുഭവമായിരിക്കും നൽകുക. എന്നാൽ യാത്ര തടസപ്പെടുത്തി മരങ്ങൾ റോഡിന്റെ മധ്യത്തിലേക്ക് മാറിയാലോ?അത്തരത്തിൽ റോഡിന് നടുവിൽ നിറയെ മരങ്ങൾ നിന്നാൽ ഉറപ്പായും യാത്ര തടസപ്പെടും. അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ബീഹാറിലെ ജെഹാനാബാദിലാണ് അങ്ങനെയൊരു റോഡ് യാഥാർത്ഥ്യമായിരിക്കുന്നത്. തലസ്ഥാനമായ പട്നയിൽ നിന്നും 50കിലേമീറ്റർ മാറിയാണ് മരം മുറിക്കാതെ റോഡിന് വീതി കൂട്ടിയത്. 100 കോടിയുടെ റോഡിനു നടുവിലാണ് നിറയെ മരങ്ങൾ. 7.48 കിലോമീറ്റർ ദൈർഘ്യമുള്ള പട്‌ന-ഗയ റോഡിന്റെ മധ്യത്തിൽ മരങ്ങൾ ഉയർന്നു നിൽക്കുന്നതിനാൽ യാത്രക്കാർ അപകട ഭീഷണി നേരിടുകയാണ്.
ജില്ലാ ഭരണകൂടം പദ്ധതി ഏറ്റെടുത്തപ്പോൾ മരങ്ങൾ മുറിക്കാൻ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചെങ്കിലും ആവശ്യം നിഷേധിക്കപ്പെടുകയായിരുന്നു. മരങ്ങൾ മുറിച്ചാൽ പകരമായി 14 ഹെക്ടർ വനഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ ഭരണകൂടത്തിന് ആവശ്യം നിറവേറ്റാൻ കഴിയാത്തതിനെ തുടർന്ന് അവർ മരം മുറിയ്ക്കാതെ മരങ്ങൾക്ക് ചുറ്റും റോഡ് നിർമ്മിച്ചു.
റോഡിന്റെ മധ്യത്തിൽ മരങ്ങൾ നിൽക്കുന്നതിനാൽ നിരവധി അപകടങ്ങൾ ഇതിനകം സംഭവിച്ചിട്ടുണ്ടെന്നാണ് വഴിയാത്രക്കാർ പറയുന്നത്. മരങ്ങൾ മുറിച്ചു മാറ്റാൻ ജില്ലാ ഭരണകൂടം മുൻകൈയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. നേരത്തെ മദ്ധ്യപ്രദേശിൽ 90 ഡിഗ്രി ചരിവിൽ റെയിൽവേ മേൽപ്പാലം നിർമ്മിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |