ആലപ്പുഴ: ദേശീയപാതയിലെ ടോൾ ബൂത്തുകളിലും ഡിവൈഡറുകളിലും പൂച്ചെടികൾക്ക് തഴച്ചു വളരാൻ മണ്ണ് വേണ്ട. ചകിരിച്ചോറടങ്ങിയ പോട്ടിംഗ് മിക്സും കയർ ഭൂവസ്ത്രവും മതി. കയർ വികസന വകുപ്പിന് കീഴിലുള്ള ദേശീയ കയർ ഗവേഷണ കേന്ദ്രം കയറിന്റെയും ചകിരിച്ചോറിന്റെയും നൂതന സാദ്ധ്യത പരീക്ഷിച്ച് വിജയിച്ചതോടെയാണിത്.
ദേശീയ പാത അതോറിട്ടിയുമായി സഹകരിച്ച് തലസ്ഥാനത്ത് കഴക്കൂട്ടം- കാരോട് പാതയിലെ പരീക്ഷണം വിജയമായതോടെ കൂടുതൽ സ്ഥലങ്ങളിലും ടോൾ ബൂത്തുകളിലെ മീഡിയനുകളിലും പദ്ധതി വ്യാപിപ്പിക്കാൻ ധാരണയായി. മണ്ണിൽ ചെടികൾ നട്ടുനനച്ച് വളർത്തുന്ന നിലവിലെ രീതിയെക്കാൾ പരിപാലനച്ചെലവ് കുറവാണെന്നതാണ് നേട്ടം. ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുന്ന വെള്ളം, ടാങ്കർ വാടക, കള നീക്കുന്നതിനും വള പ്രയോഗത്തിനുമുള്ള ചെലവ്, ടാങ്കറിൽ നിന്ന് വെള്ളം കുത്തിയൊഴിക്കുമ്പോൾ റോഡിലേക്ക് തെറിക്കുന്ന മണ്ണിന്റെ അപകട സാദ്ധ്യതകൾ, ആ മണ്ണ് പിന്നീട് കോരി മാറ്റുന്നതിന്റെ ചെലവ് ഇല്ലാതാകും.
രോഗബാധയില്ല,
കളശല്യവും
പോട്ട് മിക്സിലെ പ്രധാന ഘടകം ചകിരിച്ചോറായതിനാൽ ആഴ്ചയിൽ രണ്ട് ദിവസം നനച്ചാൽ മതി. വേനലിലും ഈർപ്പം നിലനിറുത്താനും വളർച്ചയെ ത്വരിതപ്പെടുത്തുന്ന പോഷകവളങ്ങൾ നൽകാനും ഇതുപകരിക്കും.ചെടികൾക്ക് ഫംഗസ് രോഗങ്ങൾ വരാത്തവിധം പ്രത്യേകം ട്രീറ്റ് ചെയ്ത പോട്ട് മിക്സിൽ കളശല്യം ഒഴിവാക്കാൻ കയറുകൊണ്ട് പ്രത്യേക രീതിയിൽ പുതയിടും. കടലാസ് ചെടികൾക്ക് പകരം റെഡ് - പിങ്ക് നിറങ്ങളിലുള്ള തെറ്റി, അലങ്കാരച്ചെടികളായ ഹെലിക്കോണിയ, ക്രോട്ടൺ എന്നിവ കൂടി ഉപയോഗിക്കുന്നതിലൂടെ റോഡുകളെ കൂടുതൽ സുന്ദരമാക്കാനാവും. പ്രകൃതി സൗഹൃദമായ കയർ ഉത്പന്നങ്ങൾക്ക് കാർബൺ ഫൂട്ട്പ്രിന്റും കുറവാണ്. കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഹൈവേ ആശയത്തോട് ചേർന്നുനിൽക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കയറിന്റെയും ചകിരിച്ചോറിന്റെയും ഡിമാന്റ് കൂടും. വരുമാന വർദ്ധനയ്ക്കും സഹായകമാവും.
'പദ്ധതി ടോൾ ബൂത്തുകളിലടക്കം വ്യാപിപ്പിക്കാനാണ് തീരുമാനം.'
- ഡോ. അഭിഷേക്,
ഡയറക്ടർ, കയർ
ഗവേഷണ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |