നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി
തിരുവനന്തപുരം: റോഡപകടങ്ങളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ നടത്തും. നിയമലംഘകർക്കെതിരേ കർശന നടപടിയെടുക്കാനും ബ്ലാക്ക് സ്പോട്ടുകളിൽ രാവും പകലും പരിശോധന നടത്താനും എ.ഡി.ജി.പി മനോജ് എബ്രഹാം വിളിച്ച യോഗത്തിൽ തീരുമാനമായി.
എല്ലാ ജില്ലകളിലെയും അപകടസാദ്ധ്യതയേറിയ മേഖലകളിലാവും സംയുക്ത പരിശോധന. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരേ കർശന നടപടിയെടുക്കും. ഹൈവേ പൊലീസ് 24 മണിക്കൂറും പട്രോളിംഗ് നടത്തും. സ്പീഡ് റഡാറുകൾ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആൽക്കോമീറ്റർ എന്നിവ ഉപയോഗിച്ചുള്ള പരിശോധനകളുമുണ്ടാകും. എല്ലാ ജില്ലകളിലും റോഡ് സുരക്ഷ അതോറിറ്റി യോഗം ചേർന്ന് അപകട സാധ്യതയുള്ള റോഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണം. റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടോയെന്നും പരിശോധിക്കണം. കാൽനട യാത്രക്കാരുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നൽകണം. ഇതിനായി ബോധവത്കരണവുമുണ്ടാവും. കൂടുതൽ റോഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക് ഐ.ജിക്ക് നിർദ്ദേശം നൽകി. ഐ.ജിമാർ, സിറ്റി പൊലീസ് കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ട്രാൻ. ഡ്രൈവർ ഉറങ്ങിയാൽ വിളിച്ചുണർത്തും
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിയാൽ വിവരം കൺട്രോൾ റൂമിൽ കിട്ടും. ഉടൻ ഡ്രൈവറുടെ മുന്നിലെ അലറാം മുഴങ്ങും. ഈ പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് കെ.എസ്.ആർ.ടി.സി ബസുകളിലാണ്. ഡ്രൈവർക്കു മുന്നിലായി ക്യാമറയോടു കൂടിയ ജി.പി.എസ് സംവിധാനമുള്ള ഇലക്ടോണിക്സ് ഉപകരണം സജ്ജീകരിച്ചാണ് ഇതു സാദ്ധ്യമാക്കുന്നത്.
കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിൽ നിരീക്ഷണ സംവിധാനവും ഉണ്ടാകും. മൊബൈൽ ഫോൺ ഉപയോഗിച്ചാലും അപകടകരമായ രീതിയിൽ വാഹനമോടിച്ചാലും വിവരം കൺട്രോൾ റൂമിൽ ലഭിക്കും. മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്കും വിവരങ്ങൾ ലഭ്യമാക്കാൻ കഴിയും.
ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് പുതിയ സംരംഭം മന്ത്രി ഗണേശ്കുമാറിനു മുന്നിൽ എത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ചില ദീർഘദൂര ബസുകളിലും വിജയിച്ചാൽ മറ്റെല്ലാ ബസുകളിലും ഉപകരണം ഘടിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |