ന്യൂഡൽഹി: വായ്‌പ തട്ടിപ്പ് കേസിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റ അനന്തരവനും മോസർ ബെയറിന്റെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രതുൽ പുരി അറസ്റ്റിൽ. 354 കോടി രൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയാണ് രതുൽ പുരിക്കെതിരെ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രതുൽ പുരിക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും രതുൽ പുരിയുടെ അച്ഛനുമായ ദീപക് പുരി, ഡയറക്ടർമാരായ നിതാ പുരി(കമൽനാഥിന്റെ സഹോദരി),സഞ്ജയ് ജെയ്ൻ, വിനീത് ശർമ എന്നിവർക്കെതിരെ അഴിമതി, ക്രിമിനൽ ഗൂഢാലോചന,വഞ്ചന, വ്യാജ രേഖയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തി സി.ബി.ഐ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം രതുൽ പുരിയുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. സിഡികൾ,ഡിവിഡികൾ തുടങ്ങിയവയുടെ നിർമ്മാതാക്കളാണ് മോസെർ ബെയർ കമ്പനി. ബാങ്കുകൾ നൽകിയ വായ്‌പ തുക ഡയറക്ടർമാർ തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് ദുർവിനിയോഗം ചെയ്‌തെന്നും, ഫണ്ടുകൾ ലഭ്യമാക്കുന്നതിനായി വ്യാജരേഖയുണ്ടാക്കിയെന്നും സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ പരാതിയിൽ പറയുന്നു. 2012ൽ രതുൽ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി ഒഴിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ ഡയറക്ടർ പദവിയിൽ തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |