തിരുവനന്തപുരം: നൂറു കോടി ചെലവിൽ സംസ്ഥാനത്ത് അന്താരാഷ്ട്ര പക്ഷി ഗവേഷണകേന്ദ്രം വരുന്നു. കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ വെറ്ററിനറി, കാലിക്കറ്റ് സർവകലാശാലകളുടെ പങ്കാളിത്തത്തിൽ തുടങ്ങുന്ന ഗവേഷണ കേന്ദ്രത്തിൽ വിദേശ സർവകലാശാലകളും സഹകരിക്കും. ഒരുമാസത്തിനകം ഗവേഷണ കേന്ദ്രത്തിന്റെ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കും. പക്ഷി ഗവേഷണ രംഗത്ത് ഇന്ത്യയിലെ രണ്ടാമത്തെയും അന്തർ സർവകലാശാലാ തലത്തിൽ ആദ്യത്തേതുമാണിത്.
പക്ഷികളിലുടെ പടരുന്ന നിപ്പ അടക്കമുള്ള രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം, പക്ഷിജന്യ സാംക്രമിക
രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, പക്ഷികളുടെ ജനിതകഘടന, ജനിതകസാരം, ജനിതകശ്രേണി, എണ്ണത്തിൽ കുറവ്
രേഖപ്പെടുത്തുന്ന പക്ഷികളെക്കുറിച്ചുള്ള പഠനം എന്നിവയെല്ലാം ഗവേഷണകേന്ദ്രത്തിലുണ്ടാവും. ഭാവിയിൽ പി.ജി കോഴ്സുകൾ വരെ തുടങ്ങാനാവും. ഖത്തർ, ദുബായ്, ബ്രസീൽ എന്നിവിടങ്ങളിലെ സർവകലാശാലകൾ പക്ഷിഗവേഷണ കേന്ദ്രവുമായി സഹകരിക്കും. ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ കാലിക്കറ്റ്, വെറ്റിനറി സർവകലാശാലകൾ ഒപ്പുവച്ചു.
മന്ത്റി കെ.രാജുവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ടി. മുഹമ്മദ് ബഷീർ, വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |